സൈബർ ആക്രമണ പരാതിയിൽ തന്നെ പിന്തുണച്ചവരോട് നന്ദി പറഞ്ഞ് നടി രേഖ രതീഷ്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ‌ പോയി നേരിട്ട് പരാതി നൽകിയെന്നും തന്റെ അവസാന പ്രതീക്ഷയാണ് അദ്ദേഹമെന്നും വിഡിയോയിലൂടെ രേഖ പറയുന്നു. എല്ലാ യൂട്യൂബേഴ്സിനെയും അല്ല താൻ കുറ്റപ്പെടുത്തിയതെന്നും അങ്ങനെ കരുതിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും രേഖ പറഞ്ഞു.

മാത്രമല്ല തനിക്കെതിരെ സംസാരിച്ച യൂട്യൂബ് ചാനലുകളുടെ പേരുകളും രേഖ വെളിപ്പെടുത്തി. എന്നെ സപ്പോർട്ട് ചെയ്ത‌ എല്ലാ മനുഷ്യർക്കും ഒരായിരം നന്ദി ഞാന്‍ രേഖപ്പെടുത്തുന്നു. ഇത്രയും പേർ എനിക്ക് വേണ്ടി ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. ഒരുപാട് സന്തോഷം തോന്നി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറിനും പ്രദീപ് സാറിനും ശശി സാറിനും പ്രത്യേകം നന്ദി അറിയിക്കുന്നു.

ഇന്നലെ മൂന്ന് മണിക്ക് ഞാൻ സിഎം ഓഫിസിൽ ചെന്നു. എന്റെ പരാതികൾ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ പ്രിയപ്പെട്ട യൂട്യൂബേഴ്‌സ്. ഞാൻ എല്ലാ യൂട്യൂബേഴ്സ് എന്ന് പറഞ്ഞിട്ടില്ല. ഒരു കൂട്ടം യൂട്യൂബേഴ്സ് എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോഴത്തെ മാനസികാവസ്ഥ ചിലപ്പോൾ എന്നെ അങ്ങനെയാകാം പറയിപ്പിക്കാൻ പ്രേരിപ്പിച്ചത്. അതാരെയെങ്കിലും നോവിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു.

മനഃപൂർവം ചെയ്‌തതല്ല ആ വിഡിയോ. ആ നിമിഷം ആരോടെങ്കിലും പറഞ്ഞാൽ അമ്മയ്ക്ക് ആ പ്രഷർ മാറുമെന്ന് മകൻ പറഞ്ഞപ്പോൾ, എനിക്ക് ആരും ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് എന്റെ മുന്നിൽ വന്ന മുഖം മുഖ്യമന്ത്രിയുടേത് ആയിരുന്നു. അതെന്റെ അവസാന ഹോപ്പ് ആയിരുന്നു. അങ്ങനെയാണ് ഞാനത് ട്രൈ ചെയ്തത്. ഇൻസ്റ്റ മുഖേനയാണോ ഇതൊക്കെ അറിയിക്കേണ്ടതെന്ന് പലരും ചോദിച്ചു.

അങ്ങനെ അല്ലെന്ന് എനിക്കറിയാം, വർഷങ്ങളോളം കമ്മിഷണർ ഓഫിസും പൊലീസ് സ്റ്റേഷനും കയറി ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടൊന്നും നേട്ടം ഉണ്ടായിട്ടില്ല. ഇതെല്ലാം തള്ളിക്കളഞ്ഞ് ഞാൻ എന്റെ മകനുമായി ജീവിച്ച് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി എനിക്ക് താങ്ങാവുന്നതിനും അപ്പുറമായി കാര്യങ്ങൾ. എനിക്കെതിരെ വിത്തുകൾ പാകിയ ചില യൂട്യൂബ് ചാനലുകളുണ്ട്.

14 വർഷം മുൻപ് ആത്മഹത്യയിലേക്ക് എന്നെ എത്തിച്ചതാണ് വീണ്ടും ആവർത്തിച്ചിരിക്കുന്നത്. ഒരു ചാനലിലെ രണ്ട് പെൺകുട്ടികൾ വന്നിരുന്ന് പറയുന്ന കാര്യങ്ങളും വാക്കുകളും നിങ്ങള്‍ കണ്ടുനോക്കൂ. ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു അത്. ഞാനും മകനും വളരെയധികം വേദനിച്ച വിഡിയോ ആയിരുന്നു അത്. അതുപോലെ കക്കിരി എന്ന ചാനൽ, ബ്രദറേ.. ഞാന്‍ നിങ്ങളോട് എന്ത് ചെയ്തിട്ടാ ?

നിങ്ങൾ എന്തിനാണ് അങ്ങനെയൊരു വിഡിയോ ചെയ്തത്. എന്റെ മകൻ ഇൻസ്റ്റയിൽ കണ്ടിട്ട് എന്നോട് ചോദിക്കുകയാണ്, ‘അമ്മാ സാരി മാറ്റുന്നത് പോലെയെന്ന് പറഞ്ഞാൽ എന്താണെന്ന്. ആ കുഞ്ഞിനോട് ഞാന്‍ എന്ത് പറഞ്ഞ് കൊടുക്കണം. ബ്രദറേ നിങ്ങൾ പറ്റുമെങ്കിൽ, എന്റെ മകനോട് നിങ്ങളൊന്ന് പറഞ്ഞു കൊടുക്കൂ. ദൈവത്തെ ഓർത്ത് ഒരു നന്മയും ഞങ്ങൾക്ക് ചെയ്യണ്ട. പക്ഷേ പ്ലീസ് ജീവിക്കാന്‍ അനുവദിക്കൂ.

ഞാനും എന്‍റെ മകനും ഈ കൊച്ചു കേരളത്തില്‍ ജീവിച്ച് പൊയ്ക്കോട്ടേ. ദൈവത്തെ ഓര്‍ത്ത് ഉപദ്രവിക്കാന്‍ വരരുത്. എന്നെ പിന്തുണച്ചവർക്ക് നന്ദി. അവരോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഒരുപാട് നന്ദി. എന്‍റെ സഹപ്രവര്‍ത്തകരെയും ക്രൂരമായി ക്രൂശിക്കുന്ന തമ്പ് നെയിലുകള്‍ ഇട്ട് ഞങ്ങളെ ഉപദ്രവിക്കരുത്.

ഞങ്ങളും ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ തന്നെയാണ്. അന്നന്നുള്ള വരുമാനത്തില്‍ ജീവിച്ച് പോകുന്നവരാണ്. ഞങ്ങളെ തകര്‍ക്കാനോ മനസിക സമ്മര്‍ദ്ദത്തിലാക്കാനോ ശ്രമിക്കരുത്. ഇതൊരു അഭ്യർഥനയാണ്.’’- രേഖ രതീഷ് വിഡിയോയിൽ പറയുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *