കൊച്ചി: എറണാകുളം ജില്ലയിലെ രണ്ടു സീറ്റുകള്‍ പരസ്പരം വെച്ചു മാറാന്‍ ഇടതുമുന്നണിയില്‍ ധാരണയായതായി റിപ്പോര്‍ട്ട്. എറണാകുളം, അങ്കമാലി സീറ്റുകളാണ് വെച്ചു മാറുന്നത്. എറണാകുളം സീറ്റ് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളിന് ( ഐഎസ്‌ജെഡി) നല്‍കി, അവരുടെ പക്കല്‍ നിന്നും അങ്കമാലി സീറ്റ് വാങ്ങാനാണ് സിപിഎം നീക്കം. ഇതുവഴി എറണാകുളത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയ തലവേദന ഒഴിവാക്കാമെന്ന് സിപിഎം കണക്കുകൂട്ടുന്നു.

സീറ്റ് വെച്ചുമാറ്റം യാഥാര്‍ത്ഥ്യമായാല്‍ എറണാകുളത്ത് ജനതാദളിലെ സാബു ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകും. അങ്കമാലിയില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍ സാജുപോളിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം ആലോചിക്കുന്നത്. കൊച്ചി മുന്‍ ഡെപ്യൂട്ടി മേയറാണ് സാബു ജോര്‍ജ്. ലത്തിന്‍ സഭയുമായി അടുത്ത ബന്ധമുള്ളതും ഗുണകരമാകുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണെങ്കിലും, വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലം മുതലേ സാബു ജോര്‍ജ് സിപിഎമ്മുമായി വളരെ അടുപ്പം പുലര്‍ത്തിവരുന്നു.

അതുകൊണ്ടുതന്നെ സിപിഎം മെഷീനറിയും സാബു ജോര്‍ജിനു വേണ്ടി ശക്തമായി രംഗത്തിറങ്ങും. 2010 ലെ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കാരണക്കോടം ഡിവിഷനില്‍ സാബു ജോര്‍ജും, നിലവിലെ എംഎല്‍എ ടി ജെ വിനോദും തമ്മില്‍ വാശിയേറിയ മത്സരം നടന്നിരുന്നു. സാബു സ്ഥാനാര്‍ത്ഥിയായാല്‍ സമാനമായ മറ്റൊരു പോരാട്ടത്തിന് എറണാകുളം വേദിയാകും. എറണാകുളത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കാന്‍ സിപിഎം ആദ്യം ആലോചിച്ചെങ്കിലും, ജില്ലാ നേതൃത്വത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ വന്നതോടെയാണ് നീക്കം ഉപേക്ഷിച്ചത്.

യാക്കോബായ സമുദായവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് സാജുപോള്‍. പെരുമ്പാവൂരിന് സമാനമായി അങ്കമാലിയിലും സാജു പോളിന് ശക്തമായ ബന്ധങ്ങളുണ്ട്. ഇതു കണക്കിലെടുത്താണ് അങ്കമാലിയിലേക്ക് സാജുപോളിന്റെ പേര് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുള്ളത്. ആലുവ മണ്ഡലത്തില്‍ ആലപ്പുഴയിലെ മുന്‍ എംപി എ എം ആരിഫിന്റെ പേരും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തൃക്കാക്കരയില്‍ സിപിഎം ഏരിയാ സെക്രട്ടറി എ ജി ഉദയകുമാറിന്റെ പേരും പരിഗണിക്കുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *