എല്‍പിജി ക്ഷാമത്തിനിടെ തിരുവനന്തപുരം ചാലയില്‍ ഗ്യാസ് മോഷണം. ആര്യശാലയിലെ വി എസ് ഹോട്ടലില്‍ ഇന്ന് പുലർച്ചെ ആയിരുന്നു കവർച്ച.

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ പോർട്ട് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

വെള്ള നിറത്തിലുള്ള ചാക്കുമായി എത്തിയ മോഷ്ടാവ് ഹോട്ടലിലെത്തി ആദ്യം ഫ്യൂസ് ഊരി. ശേഷം ചാക്കുകൊണ്ട് തലമറച്ച്‌ കയ്യിലുണ്ടായിരുന്ന ടോർച്ചുമായി ഹോട്ടലിനകമെല്ലാം പരിശോധിച്ചു. പിന്നാലെ അടുക്കളയില്‍ കയറി ഗ്യാസ് കുറ്റി എടുത്ത് കൊണ്ടുപോകുന്നതാണ് ദൃശ്യത്തിലുള്ളത്.

പശ്ചിമേഷ്യയില്‍ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലടക്കം എല്‍പിജി ക്ഷാമം രൂക്ഷമായിരിക്കയാണ്. ഇതിനിടെയാണ് മോഷണം. എല്‍പിജി പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും ഹോട്ടലുകള്‍ അടച്ചു പൂട്ടുകയും മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ കൃത്യമായി എത്തിക്കുമെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടില്ല.

അതേസമയം രാജ്യത്ത് ഗ്രാമമേഖലകളില്‍ എല്‍പിജി ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്.നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *