കൽപറ്റ: ജില്ലയിലെ അഞ്ച്-ഏഴ് വയസിനിടയിലും 15-17 വയസിനിടയിലുള്ള കുട്ടികളുടെ ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍ ഉറപ്പാക്കുന്ന ആധാര്‍ യൂണിഫോം പദ്ധതി 2026 അധ്യയന വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് കുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്ഡേഷന്‍ യു.ഐ.ഡി.എ.ഐ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. സ്‌കൂള്‍ അധികൃതര്‍ അപ്ഡേഷന്‍ ആവശ്യമായ കുട്ടികളുടെ പട്ടിക തയ്യാറാക്കി അതത് അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെ സ്‌കൂളുകളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് പദ്ധതി പൂര്‍ത്തിയാക്കണമെന്ന് യൂണിഫോം പദ്ധതി അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.
ജില്ലയിലെ മുഴുവന്‍ ആധാര്‍ എൻറോള്‍മെന്റ് കേന്ദ്രങ്ങളിലും സൗകര്യം ലഭ്യമാണ്. രക്ഷിതാക്കള്‍ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. 2026 അധ്യായന വര്‍ഷത്തിനകം ജില്ലയിലെ 0-5 പ്രായ പരിധിയിലുള്ളവരുടെ എന്റോള്‍മെന്റ്, 5-17 പ്രായ പരിധിയിലുള്ളവരുടെ ബയോമെട്രിക് അപ്‌ഡേഷന്‍ നൂറുശതമാനം പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ ആദ്യമായി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സേവനമാണ് ലഭിക്കുക. നേരത്തെ അപ്‌ഡേറ്റ് ചെയ്തവര്‍ വീണ്ടും ചെയ്യുകയാണെങ്കില്‍ 125 രൂപ ഫീസ് ഈടാക്കും.
