കല്‍പ്പറ്റ: ഭിന്നശേഷിക്കാരും സ്ത്രീകളും ഉള്‍പ്പെടെ യാത്രക്കാരോട് മാന്യമായി പെരുമാറുന്നതിനും അവര്‍ക്ക് നിയമാനുസൃത ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ജീവനക്കാര്‍ക്ക് പരിശീലനം ബോധവത്കരണവും നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ സീറ്റ് നിഷേധിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന കേണിച്ചിറ സ്വദേശിനിയായ ഭിന്നശേഷിക്കാരിയുടെ പരാതിയിലാണ് കമ്മീഷന്‍ ഇടപെടല്‍. 2025 മേയ് 16നാണ് ബത്തേരി ഡിപ്പോയിലെ ആര്‍എന്‍ഇ 419 നമ്പര്‍ ബസിലാണ് പരാതിക്ക് ആധാരമായ സംഭവം. ഉചിതമായ നടപടി സ്വീകരിക്കുന്നതിനുപകരം പരാതിക്കാരിയെ തെറ്റുകാരിയാക്കുന്ന സമീപനമാണ് കോര്‍പറേഷന്‍ അധികൃതര്‍ സ്വീകരിച്ചതെന്നു കമ്മീഷന്‍ നിരീക്ഷിച്ചു. പരാതിക്കാരിയെ കണ്ടിട്ട് ഭിന്നശേഷിക്കാരിയാണെന്ന് തോന്നിയില്ലെന്നും പാസ് കാണിക്കാത്തതുകാരണമാണ് സീറ്റ് നിഷേധിച്ചതെന്നും ബത്തേരി ആര്‍ടിഒ കമ്മീഷനെ അറിയിച്ചിരുന്നു. പാസ് ഇല്ല എന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി നിയമപരമായ മുന്‍ഗണന നിഷേധിക്കരുതെന്നു കമ്മീഷന്‍ നിര്‍ദേശിച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും അന്തസും അവകാശവും സംരക്ഷിക്കേണ്ടത് കോര്‍പറേഷന്റെ നിയമപരമായ ബാധ്യതയാണെന്നും പരാതി തീര്‍പ്പാക്കി പുറപ്പെടുവിച്ച ഉത്തരവില്‍ കമ്മീഷന്‍ വ്യക്തമാക്കി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *