കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ ഉത്തരവ് തുടരും. വിധി സ്‌റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് വെള്ളാപ്പള്ളി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല് നല്‍കിയത്. സിംഗിള്‍ ബെഞ്ച് വിധി അനുസരിച്ചുള്ള സ്ഥിതി തുടരാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെള്ളാപ്പള്ളി നടേശനും മകനും വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയും അടക്കമുള്ള ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അയോഗ്യരാക്കിയത്. ഇതിനെതിരെയാണ് വെള്ളാപ്പള്ളി അടക്കമുള്ളവര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. അടിയന്തരമായി അപ്പീല്‍ പരിഗണിക്കണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞദിവസം തള്ളിയിരുന്നു. അടിയന്തിരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് ഇന്ന് വീണ്ടും ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ പരിഗണിച്ചപ്പോള്‍, സിംഗിള്‍ ബെഞ്ച് വിധി സ്‌റ്റേ ചെയ്യണമെന്ന് വെള്ളാപ്പള്ളിയുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി നിരാകരിച്ചു. വെള്ളാപ്പള്ളി നടേശനെയും കൂട്ടരെയും നീക്കിക്കൊണ്ടുള്ള വിധി എന്താണോ ആ സ്ഥിതി തുടരാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. വെള്ളാപ്പള്ളി അടക്കമുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ പുറത്താക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്, എസ്എന്‍ഡിപിയുടെ താല്‍ക്കാലിക ഭരണത്തിനായി ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

താല്‍ക്കാലിക ഡയറക്ടര്‍ബോര്‍ഡിലേക്ക് സര്‍ക്കാര്‍ നോമിനികള്‍ ആയിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള സര്‍ക്കാര്‍ നോമിനികളുടെ പട്ടിക തിങ്കളാഴ്ച സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. തിങ്കളാഴ്ച കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും. വെള്ളാപ്പള്ളി നടേശന് ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അര്‍ഹതയില്ലെന്നാണ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് വിധിച്ചത്.

അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വെള്ളാപ്പള്ളി നടേശനെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്. കമ്പനി നിയമപ്രകാരമുള്ള നടപടികൾ പാലിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പ്രസിഡന്റ് എംഎന്‍ സോമന്‍, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവര്‍ക്കും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *