തലപ്പുഴ: തവിഞ്ഞാൽ പഞ്ചായത്തിലെ അഞ്ച്, ഏഴ് വാർഡുകൾ ഉൾക്കൊള്ളുന്ന കാപ്പിക്കളം പ്രദേശത്തെ റോഡ് പണി, നടുത്തൊടി സൈഡ് കെട്ട് തുടങ്ങിയ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രദേശവാസികൾ റോഡ് പണി പൂർത്തിയാകാതെ കിടക്കുന്നതിനാൽ ഏറെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. റോഡ് പണി പൂർണമായില്ലെങ്കിൽ മഴക്കാലത്ത് യാത്ര അതീവ ദുരിതകരമാകുകയും, വിദ്യാർത്ഥികൾക്കും സാധാരണ ജനങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരികയും ചെയ്യും.
അതുപോലെ, പ്രദേശത്ത് അശാസ്ത്രീയമായി ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഡ്രെയിനേജിലൂടെ വെള്ളം ഒഴുകാത്തതിനാൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന പ്രശ്നവും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ അന്നത്തെ പഞ്ചായത്ത് അംഗങ്ങൾ ഇടപെട്ട് വെള്ളം ഒഴുക്കുന്നതിനായി സമീപത്തെ സ്ഥലത്തിലൂടെ ഒരു ചാൽ കീറാൻ തീരുമാനിക്കുകയും, ചാൽ സൈഡ് കെട്ടി ഭദ്രമാക്കാമെന്ന് വീട്ടുകാർക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചാൽ കീറി മാസങ്ങൾ പിന്നിട്ടിട്ടും സൈഡ് കെട്ട് നിർമാണം ഇത് വരെ ആരംഭിച്ചിട്ടില്ല.
ചാൽ കീറിയതിനാൽ സമീപത്തെ വീടുകളുടെ സുരക്ഷിതത്വം ആശങ്കയിലാണ്. കൂടാതെ കിണറിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയും നിലനിൽക്കുന്നു.
ഫണ്ട്‌ വെച്ചുവെന്ന് പറയുന്നുണ്ടെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് പ്രവർത്തി നീട്ടികൊണ്ട് പോവുകയാണ്.

അതിനാൽ അധികൃതർ ഉടൻ ഇടപെട്ട് പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്നും, പ്രദേശവാസികളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് ഷൗക്കത്തലി കെ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് മുനീർ പി, സെക്രട്ടറി ജംഷീർ സി, ജോയിന്റ് സെക്രട്ടറി സാബിത്ത് പി, ട്രഷറർ ഷുഹൈബ് ജബ്ബാർ, മുഹമ്മദലി വി കെ, ഗഫൂർ എം തുടങ്ങിയവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *