മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഫെസ്റ്റിവൽ എക്സിബിഷൻ ആൻഡ് ട്രേഡ് ഫെയറിൽ ലഹരി വിരുദ്ധ ബോധവൽക്കരണവുമായി എക്സൈസ് വിമുക്തി മിഷൻ. ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൈവിധ്യമാർന്ന മത്സരങ്ങൾ കാണികളിൽ ആവേശം സൃഷ്ടിച്ചു.
​ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ബോൾ ത്രോ, മാഗ്നറ്റിക് ഡാർട്ടിൽ ഉന്നം പരീക്ഷിക്കൽ, ലഹരി വിരുദ്ധ ക്യാപ്ഷൻ എഴുത്തു മത്സരം, പസ്സിൽ ഗെയിമുകൾ എന്നിവയാണ് വിമുക്തി മിഷൻ സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. ഉത്സവ നഗരിയിലെത്തുന്ന നൂറുകണക്കിന് ആളുകളാണ് പ്രതിദിനം ഈ മത്സരങ്ങളിൽ പങ്കുചേരുന്നത്.

​ഇന്നു നടന്ന പ്രത്യേക മത്സരങ്ങളിൽ ഹരിതകർമ്മ സേനാംഗങ്ങൾ പങ്കെടുത്തു. എം.പി.നദീറ, സരിത ഗോപൻ, എം.കെ.സുജ എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. വാശിയേറിയ മത്സരത്തിനൊടുവിൽ ഹരിതകർമ്മ സേനാംഗമായ കെ.വി.അനിത ഒന്നാം സമ്മാനം കരസ്ഥമാക്കി.

​എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം പരിപാടികൾക്ക് നേതൃത്വം നൽകി. വിജയികൾക്ക് സിവിൽ എക്സൈസ് ഓഫിസർ മൻസൂർ അലി സമ്മാനങ്ങൾ വിതരണം ചെയ്തു. ഉത്സവത്തിന്റെ വരും ദിവസങ്ങളിലും വിമുക്തി മിഷന്റെ നേതൃത്വത്തിൽ കൂടുതൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *