വേനൽ അവധിക്കാല യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊല്ലം യൂണിറ്റിൽ നിന്നും എഴുപതോളം വിനോദയാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, മധുര, അംബസമുദ്രം തുടങ്ങി ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രകളും ഉൾപ്പെടുന്നു.

ഈ സീസണിലെ ആദ്യ യാത്രകൾ മാർച്ച് 28-ന് ആരംഭിക്കും. ആഡംബര കപ്പലായ നെഫർറ്റിട്ടിയിലെ കടൽ യാത്രയും മൂന്നാർ സന്ദർശനവുമാണ് അന്നേ ദിവസം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ കൊല്ലത്ത് നിന്നും എ.സി ബസ്സിൽ എറണാകുളത്ത് എത്തി അവിടെനിന്നും വൈകിട്ട് നാല് മണി മുതൽ അഞ്ച് മണിക്കൂർ അറബിക്കടലിൽ ചിലവഴിക്കുന്നതാണ് കപ്പൽ യാത്ര. ഇതിനായി മുതിർന്നവർക്ക് 3840 രൂപയും കുട്ടികൾക്ക് 1940 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

പൂപ്പാറ, ഗ്യാപ്പ് റോഡ്, ചിന്നക്കനാൽ, ആനയിറങ്കൽ ഡാം, മറയൂർ, കാന്തല്ലൂർ എന്നിവിടങ്ങൾ സന്ദർശിക്കുന്ന രണ്ടു ദിവസത്തെ മൂന്നാർ യാത്രയ്ക്ക് 2380 രൂപയാണ് ഈടാക്കുന്നത്. ഏപ്രിൽ മാസത്തിലും വിവിധ തീയതികളിലും യാത്രകൾ ആവർത്തിക്കും. കുറഞ്ഞ ചിലവിൽ പ്രകൃതിഭംഗി ആസ്വദിക്കാൻ മാർച്ച് 29-ന് വാഗമൺ, ഇല്ലിക്കൽ കല്ല് യാത്രകൾ. വാഗമണ്ണിലെ പുൽമേടുകളും അഡ്വഞ്ചർ പാർക്കും സന്ദർശിക്കുന്ന യാത്രയ്ക്ക് 1020 രൂപയും ഇല്ലിക്കൽ കല്ലും മലങ്കര ഡാമും ഉൾപ്പെടുന്ന യാത്രയ്ക്ക് 820 രൂപയുമാണ് നിരക്ക്. ഗവിയിലേക്കും മാർച്ച് 31-ന് സർവീസ് ഉണ്ടാകും.

മൂകാംബിക തീർത്ഥാടനത്തിനായി ഏപ്രിൽ ഒന്നിന് ഉച്ചയ്ക്ക് പ്രത്യേക ബസ് പുറപ്പെടും. രണ്ട് പകലും മൂന്ന് രാത്രിയും നീണ്ടുനിൽക്കുന്ന യാത്രയിൽ ഉഡുപ്പി, പറശിനിക്കടവ്, വടക്കുംനാഥ ക്ഷേത്രം തുടങ്ങിയ പുണ്യസ്ഥലങ്ങളും സന്ദർശിക്കാം. 3500 രൂപയാണ് ബസ് നിരക്ക്. ഏപ്രിൽ മാസത്തിൽ മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും സർവീസുകൾ നിശ്ചയിച്ചിട്ടുണ്ട്. പൊന്മുടിയിലേക്ക് 650 രൂപയ്ക്കും റോസ്മലയിലേക്ക് 520 രൂപയ്ക്കും യാത്ര ചെയ്യാം. ചരിത്രപ്രധാനമായ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള തീർത്ഥാടന യാത്ര ഏപ്രിൽ നാലിന് നടക്കും. കാട്ടിൽ മേക്കതിൽ, മണ്ണാറശാല, ഓച്ചിറ തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഈ യാത്രയ്ക്ക് 400 രൂപ മാത്രമാണ് നിരക്ക്.

തമിഴ്നാട്ടിലെ അംബാസമുദ്രം, പാപനാശം എന്നിവിടങ്ങളിലേക്കുള്ള യാത്ര ഏപ്രിൽ അഞ്ചിന് ആരംഭിക്കും- 675 രൂപയാണ് ചാർജ്. വയനാട്, അതിരപ്പള്ളി, സിൽവർ സ്റ്റോം, പാണിയേലി പോര്, ഗുരുവായൂർ തുടങ്ങി വൈവിധ്യമാർന്ന ഒട്ടേറെ പാക്കേജുകൾ ലഭ്യമാണ്. യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി കൊല്ലം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലുമായി നേരിട്ടോ ഫോൺ വഴിയോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9747969768, 9495440444. (പി.ആർ.കെ നമ്പർ 758/2026)

By ONLINE

Leave a Reply

Your email address will not be published. Required fields are marked *