കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ നേടുന്ന വോട്ട് ഇടത്, വലത് മുന്നണികള്‍ക്ക് നിര്‍ണായകം. 30,000ല്‍ അധികം വോട്ട് എന്‍ഡിഎ നേടുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന് അഭിപ്രായപ്പെടുന്നവര്‍ മണ്ഡലത്തിലെ രാഷ്ട്രീയസ്ഥിതി വിലയിരുത്തുന്നവരില്‍ നിരവധി. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ടിക്കറ്റില്‍ മണ്ഡലത്തില്‍ ജനവിധി തേടിയ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷ സി.കെ. ജാനുവിന് 27,920 വോട്ടാണ് ലഭിച്ചത്. 11,198 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണന്റെ വിജയം. 2021ല്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മണ്ഡലത്തില്‍ വീണ്ടും മത്സരിച്ച ജാനു 15,198 വോട്ടില്‍ ഒതുങ്ങി. 2016നെ അപേക്ഷിച്ച് 2021ല്‍ എന്‍ഡിഎ വോട്ടിലുണ്ടായത് 12,722 എണ്ണത്തിന്റെ കുറവ്. ഈ സാഹചര്യത്തിലും 11,822 വോട്ട് ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന് നേടാനായത്. ഇക്കുറി വോട്ട് ചോര്‍ച്ച ഫലപ്രദമായി അടയ്ക്കാന്‍ എന്‍ഡിഎയ്ക്കു കഴിഞ്ഞാല്‍ യുഡിഎഫ് പ്രതീക്ഷിക്കുന്ന വിധത്തിലാകില്ല തെരഞ്ഞെടുപ്പുഫലം.
ബത്തേരി നഗരസഭയും നൂല്‍പ്പുഴ, നെന്‍മേനി, പൂതാടി, അമ്പലവയല്‍, മീനങ്ങാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളും ഉള്‍പ്പെടുന്ന ബത്തേരി നിയമസഭാമണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് 30,000 അടിസ്ഥാന വോട്ട് ഉണ്ടെന്നാണ് ബിജെപി വാദം. ഇതിന് സാധൂകരണം നല്‍കാന്‍ പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത് കഴിഞ്ഞ തെരഞ്ഞടുപ്പുകളില്‍ ലഭിച്ച വോട്ട്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിയോജകമണ്ഡലം പരിധിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് 35,709 വോട്ട് ലഭിച്ചു. ഉപതെരഞ്ഞെടുപ്പില്‍ നവ്യ ഹരിദാസ് 29,308 വോട്ട് കരസ്ഥമാക്കി. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലം പരിധിയില്‍ 28,827 വോട്ട് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ നേടി.
യുഡിഎഫ് കോട്ടയെന്ന ഖ്യാതിയുള്ള ബത്തേരി മണ്ഡലത്തിലെ സമ്മതിദായകര്‍ എല്‍ഡിഎഫിന് അനുകൂലമായും വിധിയെഴുത്ത് നടത്തിയിട്ടുണ്ട്. 1996ല്‍ സിപിഎമ്മിലെ വര്‍ഗീസ് വൈദ്യരെയും 2006ല്‍ ഇതേ പാര്‍ട്ടിയിലെ കൃഷ്ണപ്രസാദിനെയുമായാണ് വോട്ടര്‍മാര്‍ നിയമസഭയിലെത്തിച്ചത്.
നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും വോട്ടര്‍മാര്‍ കനിയുമെന്ന് കരുതുന്നവര്‍ ഇടതു മുന്നണിയില്‍ കുറവല്ല. മണ്ഡലത്തില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ അനുകൂലമാകുമെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍.
സിപിഎമ്മിലെ എം.എസ്. വിശ്വനാഥനാണ് ഇക്കുറി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കെപിസിസി സെക്രട്ടറിയായിരുന്ന ഇദ്ദേഹമാണ് 2021 തെരഞ്ഞെടുപ്പിലും ബാലകൃഷ്ണനെ നേരിട്ടത്. പട്ടികവര്‍ഗത്തിലെ കുറുമ സമുദായാംഗമാണ് വിശ്വനാഥന്‍. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേതൃത്വം തുടര്‍ച്ചയായി കുറുമ സമുദായത്തെ തഴയുന്നുവെന്നു ആവലാതി പറഞ്ഞാണ് വിശ്വനാഥന്‍ അഞ്ച് വര്‍ഷം മുമ്പ് പാര്‍ട്ടി വിട്ടത്. മണ്ഡലത്തില്‍ കുറുമ സമുദായത്തില്‍പ്പെട്ട കാല്‍ ലക്ഷത്തോളം സമ്മതിദായകരുണ്ട്. പരമ്പരാഗതമായി കോണ്‍ഗ്രസിനു ഒപ്പം നില്‍ക്കുന്നവരാണ് ഇവരില്‍ അധികവും. വടക്കേ വയനാട് സ്വദേശിയായ
ബാലകൃഷ്ണന്‍ പട്ടികവര്‍ഗത്തിലെ കുറിച്യ വിഭാഗക്കാരനാണ്.
ഇക്കുറി സ്ഥാനാര്‍ഥിത്വം കുറുമ സമുദായാംഗത്തിന് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദം ഉണ്ടായിരുന്നു. മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ താത്പര്യം കുറുമ വിഭാഗത്തില്‍നിന്നുള്ള ആദിവാസി കോണ്‍ഗ്രസ് മുന്‍ അഖ്യലേന്ത്യ കോ ഓര്‍ഡിനേറ്റര്‍ ഇ.എ. ശങ്കരന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം ബാലകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനിച്ചത്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍വിട്ട ശങ്കരന്‍ ഇപ്പോള്‍ ബിജെപിയിലാണ്. 2011ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ശങ്കരന്‍ ബത്തേരിയില്‍ മത്സരിച്ചിട്ടുണ്ട്. ആ തെരഞ്ഞെടുപ്പില്‍ 7,583 വോട്ടായിരുന്നു ബാലകൃഷ്ണന്റെ ഭൂരിപക്ഷം. കോണ്‍ഗ്രസില്‍നിന്നു രാജിവച്ചാണ് ശങ്കരന്‍ 2011ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായത്. അഞ്ച് വര്‍ഷത്തിനുശേഷം സിപിഎം ബന്ധം ഉപേക്ഷിച്ചാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എ.എസ്. കവിതയ്ക്കു ലഭിക്കുന്ന വോട്ടുകളുടെ എണ്ണം കൂട്ടാന്‍ പുല്‍പ്പള്ളി സ്വദേശിയായ ശങ്കരന് കഴിയുമെന്ന് കരുതുന്നവര്‍ ബിജെപിയിലുണ്ട്.
1977ലെ തെരഞ്ഞെടുപ്പില്‍ ജനറൽ മണ്ഡലമായ ബത്തേരിയില്‍ കുറുമ സമുദായത്തില്‍നിന്നുള്ള കെ. രാഘവനായിരുന്നു സ്ഥാനാര്‍ഥി. പിന്നീട് 2006 വരെ ജനറല്‍ വിഭാഗത്തില്‍നിന്നുള്ളവരാണ് മണ്ഡലത്തില്‍ മത്സരിച്ചത്. 1980,1982,1987 തെരഞ്ഞെടുപ്പുകളില്‍ കെ.കെ. രാമചന്ദ്രനും 1991ല്‍ കെ.സി. റോസക്കുട്ടിയും 2001ല്‍ എന്‍.ഡി. അപ്പച്ചനും കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലെത്തിയത്.
കോണ്‍ഗ്രസ് കോട്ടയില്‍ ദ്വാരങ്ങള്‍ വീണത് മണ്ഡലത്തിലെ യുഡിഎഫ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓട്ടകള്‍ അടയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും. മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുകയാണ്. മുന്നണികള്‍ മുനിസിപ്പല്‍-പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കിവരികയാണ്. സ്ഥാനാര്‍ഥികള്‍ വോട്ടുറപ്പിക്കാന്‍ ഭവന സന്ദര്‍ശനം ഉള്‍പ്പെടെ നടത്തുന്നുണ്ട്. രാഷ്ടീയവുമായി ബന്ധപ്പെട്ടതിനുപുറമേ വികസനവും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് വിഷയമാണ്.
എന്‍.വി. പ്രകൃതി(എഎപി), ബെനഡിക്ട്(ബിഎസ്പി), വി.എ. രമേശന്‍(സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ-കമ്മ്യൂണിസ്റ്റ്), ബാലകൃഷ്ണന്‍ എടക്കല്‍(സ്വതന്ത്രന്‍), ആര്‍.എം. രാജേഷ്(സ്വതന്ത്രന്‍) എന്നിവരും സ്ഥാനാര്‍ഥികളാണ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *