കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ സുജിത് ഭക്തനുമായി നടത്തിയ അഭിമുഖഭാഗത്തിന്റെ പിന്നാമ്പുറ ദൃശ്യങ്ങള്‍ പുറത്ത്. ലീക്ക് ആയി എന്ന് പറഞ്ഞു പരക്കുന്ന ആ ക്ലിപ്പ് താന്‍ തന്റെ ചാനലില്‍ തന്നെ ഇട്ട വിഡിയോയില്‍ നിന്നും ഉള്ള ഭാഗമാണെന്നും ഇത് മുഖ്യമന്ത്രിയെ കൊണ്ട് താന്‍ പറഞ്ഞു പറയിപ്പിച്ചതാണെന്നും സുജിത് ഭക്തന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ഞാന്‍ കടക്ക് പുറത്ത് പറയുമോ എന്ന് ചോദിക്കും, അപ്പൊ സാറ് അതൊക്കെ പണ്ടല്ലേ ഇപ്പോ കേറി വാടാ മക്കളേ എന്നാണ് പറയുക എന്ന് ഉത്തരം പറയണം, ആ ഒറ്റ ഡയലോഗ് വൈറലാകും’ എന്നാണ് സുജിത് പറയുന്നത്. അത് കേട്ട് അങ്ങനെ പറയാമെന്ന് പിണറായി സമ്മതിക്കുന്നു. ‘ആ പേടി മാധ്യമങ്ങള്‍ സൃഷ്ടിച്ചാതാണ്. ഇവിടെ എനിക്ക് പറയാനുള്ളത് ഗോഡ് ഫാദര്‍ സിനിമയില്‍ പറയുന്നപോലെ കേറി വാടാ മക്കളെ എന്നാണ്’ പിണറായി പറയുന്നു. വീഡിയോ പുറത്തുവന്നതോടെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ട്രോളിനായി വ്യാപകമായി പ്രചരപ്പിക്കുന്നുണ്ട്.

പിണറായി വിജയനെ പിആര്‍ ഏജന്‍സികള്‍ പറ്റിച്ച പണിയാണിതെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പരിഹാസം. എന്നാല്‍ ആ വീഡിയോ ലീക്ക് ആയതല്ലെന്നും ആ ക്ലിപ്പ് താന്‍ തന്നെ ചാനലില്‍ തന്നെ ഇട്ട വിഡിയോയില്‍ നിന്നും ഉള്ള ഭാഗം മാത്രമാണെന്നും സുജിത് ഭക്തന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ഇത് മുഖ്യമന്ത്രിയെ കൊണ്ട് ഞാന്‍ പറഞ്ഞു പറയിപ്പിച്ചത് തന്നെയാണ്. എന്നോട് അത്രയധികം Comfortable ആയതുകൊണ്ട് മാത്രമാണ് ഒരു റീല്‍ ഒക്കെ ചെയ്യാന്‍ സഹകരിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മുഖത്ത് നോക്കി അദ്ദേഹത്തെ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വിളിക്കുന്ന പേരുകളും മറ്റും പറഞ്ഞതും അതുകൊണ്ട് മാത്രമാണ്. പലര്‍ക്കും സാധിക്കാത്ത ഒരു കാര്യം എന്നെകൊണ്ട് ചെയ്യാന്‍ സാധിച്ചു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’- സുജിത് ഭക്തന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സുജിത് ഭക്തന്‍ നടത്തിയ അഭിമുഖം സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള അഭിമുഖമാണെന്ന് ഒരുവിഭാഗം ആക്ഷേപം ഉന്നയിക്കുകയും ചെയ്തിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *