കണ്ണൂർ: വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി. മണിക്കൂറുകൾക്ക് ശേഷം പരിക്കേറ്റയാൾക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലും അതേ ഡോക്ടർ ഉണ്ടായിരുന്നതായാണ് വിവരം. സിപിഎം മട്ടന്നൂർ മരുതായി നാലാങ്കരി ലോക്കൽ കമ്മിറ്റിയം​ഗം കെ സുരേന്ദ്രനെയാണ് (68) അതിവേ​ഗമെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുരേന്ദ്രനെ മട്ടനൂരിനടുത്ത് പൊറോറമുക്കിൽ വച്ചായിരുന്നു കാർ ഇടിച്ചത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സുരേന്ദ്രനെ മട്ടന്നൂരിലെ ആശുപത്രിയിൽ എത്തിച്ചു.

ഇടതുകാലിന്റെ എല്ല് പൊട്ടുകയും നെറ്റിയിൽ വലിയ മുറിവേൽക്കുകയും ചെയ്ത സുരേന്ദ്രനെ വിദ​ഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് മാറ്റി. കറുത്ത കാറാണ് സുരേന്ദ്രനെ ഇടിച്ചതെന്ന് പൊലീസ് കണ്ടെത്തുകയും സുരേന്ദ്രന്റെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കണ്ണൂരിലെ ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന ഹെഡ്ലൈറ്റ് പൊട്ടിയ കറുത്ത കാർ സുരേന്ദ്രന്റെ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടു.

ആശുപത്രിയിലെ അസ്ഥിരോ​ഗ വിദ​ഗ്ധൻ പയ്യാമ്പലം ബീച്ച് റോഡ് അൽ ബഷീറിയിൽ ഡോ സുഹൈൽ ബഷീറിന്റെ കാർ ആണിതെന്ന് പൊലീസ് കണ്ടെത്തി. മട്ടന്നൂർ പൊലീസ് ഡോക്ടറെ കസ്റ്റഡിയിലെടുത്ത് നോട്ടീസ് നൽകി വിട്ടു. കെ എൽ 13 എടി 6780 കാറും കസ്റ്റഡിയിലെടുത്തു.

ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നും പേടി കൊണ്ടാണ് നിർത്താതെ പോയതെന്നുമെന്നാണ് ഡോക്ടറുടെ മൊഴി. സുരേന്ദ്രന് ശസ്ത്രക്രിയ നടത്തിയ സംഘത്തിലും ഡോക്ടർ ഉൾപ്പെട്ടിരുന്നതായാണ് വിവരം. ഇക്കാര്യം അന്വേഷിക്കുമെന്നും മട്ടന്നൂർ പൊലീസ് ബിനു ആന്റണി പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ട സുരേന്ദ്രൻ വീട്ടിൽ വിശ്രമത്തിലാണ്. അപകടകരമായ ഡ്രൈവിങ്ങിന് ഭാരതീയ ന്യായസംഹിതയനുസരിച്ചും വാഹനാപകടത്തിൽ പരിക്കേൽക്കുന്നയാൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാത്തതിനും അപകടവിവരം പൊലീസിൽ അറിയിക്കാതിരുന്നതിനും മോട്ടോർ വാഹന നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്

By ONLINE

Leave a Reply

Your email address will not be published. Required fields are marked *