കല്‍പ്പറ്റ: വയനാട്ടിലെ എക ജനറല്‍ മണ്ഡലമായ കല്‍പ്പറ്റയില്‍ യുഡിഎഫ് പ്രതീക്ഷിക്കുന്നത് 15,000ല്‍പരം വോട്ടിന്റെ ഭൂരിപക്ഷം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലം പരിധിയിലെ മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലുമായി 10,682 വോട്ടാണ് യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ അധികം ലഭിച്ചത്. നിയമസഭാ തെരഞ്ഞെടപ്പില്‍ ഇതില്‍ക്കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ഥി ടി. സിദ്ദിഖിന് ലഭിക്കുമെന്ന് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ ബി. സുരേഷ്ബാബു, ചെയര്‍മാന്‍ സലിം മേമന, കണ്‍വീനര്‍ പി.പി. ആലി എന്നിവര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിനെതിരേ സംസ്ഥാനത്തെങ്ങുമുള്ള പൊതുവികാരത്തിനു പുറമേ എംഎല്‍എ എന്ന നിലയില്‍ സിദ്ദിഖ് കഴിഞ്ഞ അഞ്ചുവര്‍ഷം മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും കൈപ്പത്തി അടയാളത്തില്‍ വോട്ട് ഒഴുക്കിന് സഹായകമാകുമെന്നാണ് യുഡിഎഫ് നേതാക്കളുടെ വിശ്വാസം.
കല്‍പ്പറ്റ നഗരസഭയും മുട്ടില്‍, കോട്ടത്തറ, തരിയോട്, മൂപ്പൈനാട്, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, മേപ്പാടി, പൊഴുതന, വെങ്ങപ്പള്ളി, വൈത്തിരി പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിയോജകമണ്ഡലം. ഇതില്‍ മുനിസിപ്പാലിറ്റിയിലും വൈത്തിരി പഞ്ചായത്തിലും മാത്രമാണ് തദ്ദേശ തെരഞ്ഞുടുപ്പില്‍ എല്‍ഡിഎഫിന് യുഡിഎഫിന്റെ മുന്നിലെത്താനായത്. നഗരസഭയില്‍ 858 ഉം വൈത്തിരി പഞ്ചായത്തില്‍ 526 ഉം വോട്ട് യുഡിഎഫിനേക്കാള്‍ എല്‍ഡിഎഫ് അധികം നേടി. മൂപ്പൈനാടില്‍ 664 ഉം തരിയോട് 968 ഉം പടിഞ്ഞാറത്തറയില്‍ 2,142 ഉം കണിയാമ്പറ്റയില്‍ 4,145 ഉം വെങ്ങപ്പള്ളിയില്‍ 902 ഉം പൊഴുതനയില്‍ 1,027 ഉം മേപ്പാടിയില്‍ 1,153 ഉം മുട്ടിലില്‍ 202 ഉം കോട്ടത്തറയില്‍ 853 ഉം വോട്ടിന് യുഡിഎഫ് എല്‍ഡിഎഫിനേക്കാള്‍ മുന്നിലായിരുന്നു. ഇത്തവണ മണ്ഡലത്തിലെ ഒരു തദ്ദേശ സ്ഥാപന പരിധിയിലും യുഡിഎഫ് എല്‍ഡിഎഫിന് പിന്നിലാകില്ലെന്നാണ് ഐക്യമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ അനുമാനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തോട്ടം തൊഴിലാളികളിലടക്കം ടി. സിദ്ദിഖിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 2021ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ്‌കുമാറിനെയാണ് സിദ്ദിഖ് നേരിട്ടത്. 5,470 വോട്ടായിരുന്നു സിദ്ദിഖിന്റെ ഭൂരിപക്ഷം. പോള്‍ ചെയ്തതില്‍ 70,252 വോട്ട് സിദ്ദിഖിനു ലഭിച്ചു. ശ്രേയാംസ്‌കുമാറിനു 64,782 വോട്ടാണ് നേടാനായത്.
ആര്‍ജെഡി സംസ്ഥാന സമിതിയംഗം പി.കെ. അനില്‍കുമാറാണ് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ സിദ്ദിഖിന്റെ മുഖ്യ എതിരാളി കോണ്‍ഗ്രസ് നേതാവും ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയുമായിരുന്ന അനില്‍കുമാറാണ്. തെരഞ്ഞെടുപ്പില്‍ ജനം തുണയ്ക്കുമെന്ന പ്രതീക്ഷ ഇദ്ദേഹത്തിനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കും മുന്നണിക്കുമുണ്ട്. ട്രേഡ് യൂണിയന്‍ നേതാവ് എന്ന നിലയില്‍ അനില്‍കുമാറിന് ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയം തോട്ടം തൊഴിലാളി മേഖലയിലുണ്ട്. രാഷ്ട്രീയം മറന്ന് തോട്ടം തൊഴിലാളികള്‍ തനിക്ക് വോട്ട് ചെയ്യുമെന്ന വിശ്വാസം ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്ന അനില്‍കുമാറിനുണ്ട്. 2016ല്‍ സിപിഎമ്മിലെ സി.കെ. ശശീന്ദ്രന്‍ 13,083 വോട്ടിന് വിജയിച്ച മണ്ഡലമാണ് കല്‍പ്പറ്റ. ഇത് അനില്‍കുമാറിനും എല്‍ഡിഎഫിനും ആത്മവിശ്വാസം പകരുന്ന കാര്യങ്ങളില്‍ ഒന്നാണ്. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പുഫലം യുഡിഎഫ് വിചാരിക്കുന്ന വിധത്തിലാകില്ലെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍. കണിയാമ്പറ്റയും പടിഞ്ഞാറത്തറയും ഉള്‍പ്പെടെ യുഡിഎഫ് കോട്ടകള്‍ ഇക്കുറി ഇളകുമെന്ന് അവര്‍ പറയുന്നു.
ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കാല്‍ ലക്ഷം വോട്ടാണ് മണ്ഡലത്തില്‍ പ്രശാന്ത് ലക്ഷ്യമിടുന്നത്. 2021ല്‍ 14,113 വോട്ടാണ് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. എന്‍. ഹംസ(എസ്ഡിപിഐ), കെ.വി. പ്രകാശന്‍(സിപിഐ-എംഎല്‍-റെഡ്സ്റ്റാര്‍), സി.എ. റഫീഖ്(എഎപി), എം. രാധാകൃഷ്ണന്‍(സ്വതന്ത്രന്‍), ടി.കെ. ഉമ്മര്‍(സ്വതന്ത്രന്‍), അനില്‍കുമാര്‍(സ്വതന്ത്രന്‍)എന്നിവരും മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളാണ്.
മുന്നണി സ്ഥാനാര്‍ഥികള്‍ രണ്ടാംഘട്ട പര്യടനത്തിലാണ്. തോട്ടം തൊഴിലാളി, ഗ്രാമീണ മേഖലകളില്‍ പ്രത്യേക ശ്രദ്ധയാണ് മൂന്നു മുന്നണികളും ചെലുത്തുന്നത്. പുഞ്ചരിമട്ടം ഉരുള്‍ ദുരന്തം, ടൗണ്‍ഷിപ് നിര്‍മാണം, കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത, പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരമില്ലാപാത, താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്, തോട്ടം തൊഴിലാളി പ്രശ്‌നങ്ങള്‍ എന്നിവ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്ന വിഷയങ്ങളാണ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *