തൃശൂർ: വിഷു ആഘോഷത്തോടനുബന്ധിച്ച് വോട്ടർമാർക്ക് ബിജെപി സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഇലക്‌ഷൻ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ചാർജുള്ള ഡോ.ബിന്ദുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വെസ്റ്റ് പൊലീസ് കേസെടുത്തത്. ശേഷിക്കുന്ന കിറ്റുകൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

എൽഡിഎഫ് നേതാക്കളാണ് പരാതിയുമായി തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരെ സമീപിച്ചത്. ഒളരി ശിവരാമപുരം ഉന്നതിയിലെ താമസക്കാർക്ക് ഭക്ഷ്യക്കിറ്റിനുള്ള സ്ലിപ്പുകൾ വിതരണം ചെയ്തെന്നും ഇതുപയോഗിച്ച് ഒളരി പാർഥസാരഥി ക്ഷേത്രത്തിനു സമീപത്തെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് കിറ്റുകൾ വിതരണം ചെയ്തെന്നുമാണ് പരാതി.

ആർഡിഒയെ അറിയിച്ചതിനെ തുടർന്ന് ഇലക്‌ഷൻ ഫ്ലയിങ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടപ്പിച്ചിരുന്നു. സൂപ്പർ മാർക്കറ്റിനു പിറകിലെ ഗോഡൗൺ വഴിയാണ് 12 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തതെന്നാണ് ആരോപണം. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും അന്വേഷണം ആരംഭിച്ചു. ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സ്ലിപ് വിതരണമെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചിരുന്നു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *