ഹൈദരാബാദ്: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിജയ വഴിയില്‍. ആദ്യ മത്സരം തോറ്റ് തുടങ്ങിയ ലഖ്‌നൗ രണ്ടാം പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി. 5 വിക്കറ്റ് വിജയമാണ് ലഖ്‌നൗ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. ലഖ്‌നൗ ഒരു പന്ത് ബാക്കി നില്‍ക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് അടിച്ചാണ് വിജയിച്ചത്. ഹൈദരാബാദിന്റെ മൂന്ന് മത്സരങ്ങളിലെ രണ്ടാം തോല്‍വിയാണിത്.

ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ മികച്ച ബാറ്റിങാണ് ലഖ്‌നൗ വിജയം അനായാസമാക്കിയത്. മൂന്നാം സ്ഥാനത്തു ബാറ്റിങിനെത്തിയ പന്ത് 50 പന്തില്‍ 9 ഫോറുകള്‍ സഹിതം 68 റണ്‍സ് അടിച്ചെടുത്തു. അവസാന ഓവറില്‍ 9 റണ്‍സായിരുന്നു ലഖ്‌നൗവിനു വേണ്ടിയിരുന്നത്. പുറത്താകാതെ നിന്ന പന്ത് ജയദേവ് ഉനത്കട് എറിഞ്ഞ അവസാന ഓവറില്‍ ആദ്യ രണ്ട് പന്തുകളും അഞ്ചാം പന്തും ഫോറടിച്ച് 12 റണ്‍സ് വാരിയാണ് ടീമിനെ ജയത്തിലെത്തിച്ചത്.

ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമാണ് തിളങ്ങിയ മറ്റൊരു താരം. മാര്‍ക്രം 27 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം 45 റണ്‍സ് നേടി. മിച്ചല്‍ മാര്‍ഷ് 14 റണ്‍സും അബ്ദുല്‍ സമദ് 16 റണ്‍സും നേടി.

ഹൈദരാബാദ് നിരയില്‍ ഹര്‍ഷ് ദുബെ മികച്ച ബൗളിങ് പുറത്തെടുത്തു. താരം 2 വിക്കറ്റെടുത്തു. ഇഷാന്‍ മലിംഗ, ശിവാംഗ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നേടി ലഖ്‌നൗ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ എസ്ആര്‍എചിനെ ലഖ്‌നൗ പേസര്‍ മുഹമ്മദ് ഷമിയുടെ പന്തുകള്‍ വന്‍ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. വെടിക്കെട്ട് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നിവരെ തന്റെ രണ്ടോവറിനിടെ മടക്കി ഷമി എസ്ആര്‍എചിനെ സ്തബ്ധരാക്കി. ഹെഡ് 7 റണ്‍സിലും അഭിഷേക് പൂജ്യത്തിനു ഔട്ട്. ഷമി 4 ഓവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിലപ്പെട്ട വിക്കറ്റുകള്‍ വീഴ്ത്തി.

ക്യാപ്റ്റന്‍ ഇഷാന്‍ കിഷനെ പ്രിന്‍സ് യാദവും തൊട്ടുപിന്നാലെ തന്നെ കൂടാരം കയറ്റിയതോടെ ഹൈദരാബാദ് 11 റണ്‍സിനിടെ 3 വിക്കറ്റ് നഷ്ടമെന്ന അവസ്ഥയിലായി. ഇഷാന്‍ ഒരു റണ്‍സ് മാത്രമാണ് നേടിയത്.

സ്‌കോര്‍ 26ല്‍ നില്‍ക്കെ ഇംഗ്ലീഷ് വെടിക്കെട്ട് ബാറ്റര്‍ ലിയാം ലിവിങ്സ്റ്റനെ ദ്വിഗേഷ് റാഠിയും പുറത്താക്കിയതോടെ എസ്ആര്‍എച് പരുങ്ങി. ലിവിങ്സ്റ്റന്‍ ഒരു സിക്‌സ് തൂക്കിയെങ്കിലും താരം 14 റണ്‍സില്‍ പുറത്തായി.

പിന്നീടാണ് ക്ലാസനും നിതീഷും ചേര്‍ന്നു ടീമിനെ രക്ഷപ്പെടുത്തിയത്. ക്ലാസന്‍ തുടരെ രണ്ടാം പോരിലും അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ നേടാന്‍ സാധിക്കാതെ പോയ അര്‍ധ സെഞ്ച്വറി ഈ മത്സരത്തില്‍ നേടി നിതീഷും തന്റെ ഭാഗം ഭംഗിയാക്കി.

ക്ലാസന്‍ 41 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 62 റണ്‍സ് നേടി. നിതീഷ് 33 പന്തില്‍ 5 സിക്‌സും 3 ഫോറും സഹിതം 56 റണ്‍സും അടിച്ചെടുത്തു. ഇരുവരും ചേര്‍ന്നു 116 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. വാലറ്റത്ത് മറ്റാരും കാര്യമായി റണ്‍സ് നേടിയില്ല.

ഷമിക്കു പുറമേ പ്രിന്‍സ് യാദവ്, അവേശ് ഖാന്‍ എന്നിവരും ലഖ്‌നൗ നിരയില്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ദ്വിഗേഷ് റാഠി, മണിമാരന്‍ സിദ്ധാര്‍ഥ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ലഖ്‌നൗവിനായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റുകള്‍ വീഴ്ത്തി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *