കല്‍പ്പറ്റ: ശിപാര്‍ശകള്‍ സമര്‍പ്പിച്ച് എട്ട് വര്‍ഷം കഴിഞ്ഞിട്ടും കബനി തട പരിസ്ഥിതി പുനഃസ്ഥാപനത്തിന് പദ്ധതികളില്ല. വയനാട് മണ്ണ് സംരക്ഷണ ഓഫീസറായിരുന്ന പി.യു. ദാസ് 2017ല്‍ നടത്തിയ ആറു മാസം നീണ്ട പഠനത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ കൃഷി മന്ത്രിക്കടക്കം സമര്‍പ്പിച്ച ശിപാര്‍ശകളാണ് തമസ്‌കരിക്കപ്പെട്ടത്. പ്രകൃതിദത്ത ഉറവകളുടെയും സസ്യ-വൃക്ഷാവരണത്തിന്റെയും വീണ്ടെടുപ്പിന് പ്രാധാന്യം നല്‍കിയായിരുന്നു ശിപാര്‍ശകള്‍. ജില്ലയിലെ പ്രകൃതിദത്ത ഉറവകളില്‍ 70 ശതമാനത്തിന് ശോഷണം സംഭവിച്ചതായും    1,210 കിലോമീറ്റര്‍ നീളത്തില്‍ സസ്യ-വൃക്ഷാവരണം നഷ്ടമായതായും ദാസിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കബനി നീര്‍ത്തടത്തിന്റെ ഉദ്ഭവസ്ഥാനങ്ങളിലെ വനം, പ്ലാന്റേഷനുകള്‍, ഇതര കൃഷിഭൂമികള്‍ എന്നിവയ്ക്ക് ശോഷണം സംഭവിച്ചതായി പഠനത്തില്‍ തെളിഞ്ഞിരുന്നു. 
കബനി, നൂല്‍പ്പഴ, വാരഞ്ചിപ്പുഴ(നുഗു), മസാലെ തോട്, ബാലെ മസ്തുഗുഡി, വളപട്ടണം പുഴ, കോരപ്പുഴ, മാഹിപ്പുഴ, കുറ്റിയാടിപ്പുഴ, അഞ്ചരക്കണ്ടിപ്പുഴ, ചാലിയാര്‍ എന്നിവയുടേതായി 2,13,100  ഹെക്ടര്‍ വൃഷ്ടിപ്രദേശമാണ് വയനാട്ടില്‍. ഇതില്‍ 1,63,570 ഹെക്ടറും കബനിയുടേതാണ്. 60,350 ഹെക്ടര്‍ വനവും 33,320 ഹെക്ടര്‍ പ്ലാന്റേഷനും 24,919 ഹെക്ടര്‍ വയലും 44,981 ഹെക്ടര്‍ കരഭൂമിയും ഉള്‍പ്പെടുന്നതാണിത്. 26,012 ഹെക്ടര്‍ വരുന്ന നൂല്‍പ്പുഴയുടെ വൃഷ്ടിപ്രദേശത്ത് 19,360 ഹെക്ടര്‍ വനവും 519 ഹെക്ടര്‍ പ്ലാന്റേഷനും 5,021 ഹെക്ടര്‍ വയലും 1,112 ഹെക്ടര്‍ കരഭൂമിയുമുണ്ട്. വളപട്ടണം പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ 1,701 ഹെക്ടര്‍ വയനാട്ടിലാണ്. 1,193 ഹെക്ടര്‍ വനവും 475 ഹെക്ടര്‍ പ്ലാന്റേഷനും 33 ഹെക്ടര്‍ കരഭൂമിയും ഇതിലുള്‍പ്പെടും. ചാലിയാറിന്റെ 15,008 ഹെക്ടര്‍ വൃഷ്ടിപ്രദേശം ജില്ലയിലുള്ളതില്‍ 6,110 ഹെക്ടറും വനമാണ്. പ്ലാന്റേഷന്‍- 5,998 ഹെക്ടര്‍, വയല്‍-980 ഹെക്ടര്‍ എന്നിങ്ങനെയാണ് അവശേഷിക്കുന്ന ഭൂമിയുടെ കണക്ക്. വാരാഞ്ചിപ്പുഴയുടെ 4,891-ഉം  മസാലെ തോടിന്റെ 81-ഉം ബാലെ മസ്തിഗുഡി തോടിന്റെ 983-ഉം കോരപ്പുഴയുടെ 30-ഉം മാഹിപ്പുഴയുടെ 27-ഉം കുറ്റിയാടിപ്പുഴയുടെ 808-ഉം അഞ്ചരക്കണ്ടി പുഴയുടെ 17-ഉം ഹെക്ടര്‍ വൃഷ്ടിപ്രദേശമാണ് ജില്ലയില്‍. 
മഴക്കാലങ്ങളില്‍ മാത്രം വെള്ളം കെട്ടിനില്‍ക്കുന്നതാണ് ജില്ലയിലെ 26 ശതമാനം(43,840 ഹെക്ടര്‍) ഭൂപ്രദേശം. ചതുപ്പുകളുടെ ശോഷണം നദികളുടെ ശോഷണത്തിനു ഇടയാക്കുകയാണ്. കൃഷിയിടങ്ങള്‍, പ്ലാന്റേഷനുകള്‍, വനം എന്നിവയിലെ വൃക്ഷമേല്‍ച്ചാര്‍ത്തിന്റെ സാന്ദ്രതയില്‍ കുറവുണ്ടായി.  വനപ്രദേശങ്ങള്‍ പ്ലാന്റേഷനുകളായി മാറിയത് ജലസ്രോതസുകളെ ദുര്‍ബലമാക്കി. 5,120 കിലോമീറ്ററാണ് ജില്ലയിലെ ആകെ നീര്‍ച്ചാലുകളുടെ നീളം. നീര്‍ച്ചാലുകളുടെ സാന്ദ്രത  ചതുരശ്ര കിലോമീറ്ററിനു 2.45 ആണ്. 
തോടുകളുടെയും പുഴകളുടെയും ഉദ്ഭവസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നതില്‍ മൂന്നിലൊന്നിലും അധികം നീര്‍ച്ചാലുകളാണ് വര്‍ഷങ്ങള്‍ മുമ്പേ ഇല്ലാതായത്. നൂറുകണക്കിനു കിലോമീറ്റര്‍ നീളത്തില്‍ തോടുകളുടെയും പുഴകളുടെയും ഓരങ്ങള്‍ മണ്ണിടിച്ചിലിനു വിധേയമായി. തോടുകള്‍ക്കകത്ത് രൂപപ്പെട്ട മണ്‍തിട്ടകളും തുരുത്തുകളും തോടുകളുടെ ഗതി മാറുന്നിതിനും കൃഷിനാശത്തിനും പാരിസ്ഥിതിക ആഘാതത്തിനും കാരണമായി. ശേഷിക്കുന്ന പ്രകൃതിദത്ത ഉറവകളുടെ ജലനിര്‍ഗമനശേഷി കുറഞ്ഞു. അസ്വാഭാവികമായി മഴ പെയ്താല്‍ മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും മഴയുടെ അളവില്‍ കുറവുണ്ടായാല്‍ വരള്‍ച്ചയും അനുഭവപ്പെടുന്ന സ്ഥിതിയാണ് ഇപ്പോള്‍. 
98.1 ടിഎംസിയാണ് കബനി നദീതടത്തില്‍നിന്നുള്ള നീരൊഴുക്ക്. 0.67 ആണ് നീരൊഴുക്ക് ഗുണാങ്കം. നദീതടത്തില്‍ 26.38 ശതമാനം(43,150 ഹെക്ടര്‍)ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി നേരിടുന്നതാണ്. 286 ആണ് നദീതടത്തിലെ ജല സംഭരണവുമായി ബന്ധപ്പെട്ട നിര്‍മിതികളുടെ എണ്ണം. 
ബാവലി പുഴ, മാനന്തവാടി പുഴ, പനമരം പുഴ, കന്നാരംപുഴ, കടമാന്‍തോട്, മണിക്കാട് പുഴ എന്നിവയാണ് കബനിയുടെ പ്രധാന കൈവഴികള്‍. കബനിയുടെ ആകെ വൃഷ്ടിപ്രദേശത്തില്‍ 19,176 ഹെക്ടര്‍ ബാവലി പുഴയുടെയും 38,680 ഹെക്ടര്‍ മാനന്തവാടി പുഴയുടെയും 84,977 ഹെക്ടര്‍ പനമരം പുഴയുടെയും തടങ്ങളിലാണ്. 20,737 ഹെക്ടറാണ് മറ്റു പുഴകളുടെ തടങ്ങളില്‍. കബനി തടത്തില്‍ അവശ്യ ജലസേചനത്തിനുള്ള നിര്‍മിതികള്‍ കുറവാണെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു. കബനി ജലത്തില്‍ ആറ് ടിഎംസി മാത്രമാണ് ജില്ലയില്‍ ഉപയോഗപ്പെടുത്തുന്നത്. 21 ടിഎംസി ഉപയോഗിക്കാന്‍ കാവേരി നദീജല തര്‍ക്ക പരിഹാര ട്രിബ്യൂണലിന്റെ അനുമതിയുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *