കല്‍പ്പറ്റ: വോട്ടെടുപ്പും പ്രാഥമിക വിലയിരുത്തലും കഴിഞ്ഞപ്പോള്‍ വയനാട്ടിലെ  മൂന്ന് മണ്ഡലങ്ങളിലെയും ഇടത്, വലത് മുന്നണി സ്ഥാനാര്‍ഥികളുടെ നെഞ്ചില്‍ പഞ്ഞി വച്ചാല്‍ കത്തുന്ന ചൂട്. ജയിച്ചുകയറുമെന്ന വാദം 
മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി മണ്ഡലം എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളും നേതാക്കളും ഉയര്‍ത്തുമ്പോഴും അവരുടെ മുഖങ്ങളില്‍ അകമേയുള്ള പിടച്ചില്‍ പ്രകടം.  മുന്‍കാലങ്ങളിലേതിനു വിഭിന്നമായി ജില്ലയിലെ തെരഞ്ഞെടുപ്പുഫല പ്രവചന വിദഗ്ധരും കുഴങ്ങുകയാണ്. ജില്ലയിലെ ജനവിധിയുടെ സ്വഭാവം അച്ചട്ടായി വിവിധ പാര്‍ട്ടികളിലെ സീനിയര്‍ നേതാക്കള്‍ക്ക്  പറയാന്‍ കഴിയുന്നില്ല. പുതുമുറ വോട്ടര്‍മാരുടെ രാഷ്ട്രീയ മനഃശാസ്ത്രം പലര്‍ക്കും പിടികിട്ടുന്നില്ല. 
ജില്ലയില്‍ വോട്ടെടുപ്പാനന്തര ആകുലകതകള്‍ വിട്ടുനില്‍ക്കുന്നത് ബിജെപി-എന്‍ഡിഎ ക്യാമ്പുകളില്‍ മാത്രം. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം മൂന്നു മണ്ഡലങ്ങളിലും ഭംഗിയായി നിറവേറ്റിയെന്ന തൃപ്തിയിലാണ് ബിജെപി സ്ഥാനാര്‍ഥികളും നേതാക്കളും. ബിജെപി ജില്ലയില്‍ ബാല്യം പിന്നിട്ട് കൗമാരത്തിലേക്ക് കടന്നുവെന്നതിന് അടിവരയിടുന്നതാകും തെരഞ്ഞെടുപ്പുഫലമെന്ന് നേതാക്കള്‍ ഊറ്റംകൊള്ളുന്നുമുണ്ട്. 2021ലെ തെരഞ്ഞടുപ്പില്‍ മാനന്തവാടിയില്‍ 13,142 ഉം കല്‍പ്പറ്റയില്‍ 14,113 ഉം ബത്തേരിയില്‍ 15,198 ഉം വോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത്. ഇക്കുറി മാനന്തവാടിയിലും കല്‍പ്പറ്റയിലും 20,000ന് മുകളില്‍ വോട്ടാണ് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നത്. ബത്തേരിയില്‍ 30,000ല്‍ അധികം വോട്ടാണ് പ്രതീക്ഷ. ജില്ലയിലെ ഒരു മണ്ഡലത്തിലും ബിജെപി വോട്ടില്‍ ചോര്‍ച്ച ഉണ്ടായില്ലെന്നും നേതാക്കള്‍ വിലയിരുത്തുന്നു. 

*കല്‍പ്പറ്റ
ജില്ലയിലെ ഏക ജനറല്‍ മണ്ഡലമാണ് കല്‍പ്പറ്റ. 80.35 ശതമാനം പോളിംഗാണ് ഇവിടെ നടന്നത്. മത്സരച്ചൂടിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ ശതമാനക്കണക്കെന്ന അഭിപ്രായം രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലുണ്ട്. സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ ടി. സിദ്ദിഖ്, ആര്‍ജെഡിയിലെ പി.കെ. അനില്‍കുമാര്‍, ബിജെപിയിലെ പ്രശാന്ത് മലവയല്‍ എന്നിവരാണ് മണ്ഡലത്തില്‍ മാറ്റുരച്ച പ്രമുഖര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിദ്ദിഖ് 5,470 വോട്ട് ഭൂരിപക്ഷത്തിന് എല്‍ജെഡിയിലെ എം.വി. ശ്രേയാംസ്‌കുമാറിനെ വീഴ്ത്തിയ മണ്ഡലമാണിത്. ഇക്കുറി പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ അനില്‍കുമാറിനെ ‘അശു’ ആയാണ് യുഡിഎഫ് നേതൃത്വം കണ്ടത്. സിദ്ദിഖിന്റെ ഭൂരിപക്ഷം മൂന്ന് ഇരട്ടിയായി വര്‍ധിക്കുമെന്ന അനുമാനത്തിലും അവര്‍ എത്തി. എന്നാല്‍ പ്രചാരണത്തിന്റെ അന്ത്യഘട്ടത്തില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലം എന്ന തലത്തിലേക്ക് കല്‍പ്പറ്റ ഉയരുന്നതാണ് കണ്ടത്. കല്‍പ്പറ്റയിലേതിനെ സിപിഎം-മുസ്‌ലിംലീഗ് പോരാട്ടം എന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്. ഇടതുമുന്നണിക്കു പുറമേനിന്നുള്ള വോട്ടും ലഭിച്ചുവെന്ന വിശ്വാസത്തിലാണ് സ്ഥാനാര്‍ഥി അനില്‍കുമാറും പ്രചാരണത്തില്‍ ആദ്യന്തം ഒപ്പമുണ്ടായിരുന്നവരും. മണ്ഡലത്തില്‍ എസ്ഡിപിഐക്ക് സ്ഥാനാര്‍ഥിയുണ്ട്. എങ്കിലും എസ്ഡിപിഐ വോട്ടുകളില്‍ നല്ലൊരു പങ്കും കോണ്‍ഗ്രസ്, ബിജെപി വോട്ടുകളില്‍ കുറച്ചും മുസ്‌ലിം സമുദായത്തിലെ എപി വിഭാഗം പിന്തുണയും കോണ്‍ഗ്രസ് നേതാവും ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയുമായിരുന്ന അനില്‍കുമാറിന് ലഭിച്ചുവെന്ന് കരുതുന്നവര്‍ ഇടത് മുന്നണിയിലുണ്ട്. ഇത്തരത്തില്‍ വോട്ടൊഴുക്ക് നടന്നുവെങ്കില്‍  തെരഞ്ഞെടുപ്പുഫലം യുഡിഎഫ് വിചാരിച്ച വിധത്തിലാകില്ല. 

*മാനന്തവാടി
78.96 ശതമാനം പോളിംഗാണ് പട്ടികവര്‍ഗ സംവരണ മണ്ഡലമായ മാനന്തവാടിയില്‍ നടന്നത്. സിപിഎമ്മിലെ ഒ.ആര്‍. കേളുവും കോണ്‍ഗ്രസിലെ ഉഷ വിജയനുമാണ് മാനന്തവാടിയില്‍ പോരിനിറങ്ങിയ പ്രമുഖര്‍. വോട്ട് എണ്ണല്‍ കഴിയുമ്പോള്‍ ഇവരില്‍ ആരുടെ മുഖത്ത് മന്ദഹാസം വിരിയുമെന്ന് തീര്‍ത്തുപറയാന്‍ കഴിയാത്തതാണ് സ്ഥിതി. സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ കേളു തുടര്‍ച്ചയായി മൂന്നാം തവണയാണ് മാനന്തവാടിയില്‍ മത്സരിക്കുന്നത്. കന്നി അങ്കമാണ് ഉഷ വിജയന്. മണ്ഡലം നിലനിര്‍ത്താന്‍ ഇതിനകം അഭ്യസിച്ച മുഴുവന്‍ ചുവടും അടവും ഇടതു മുന്നണി പുറത്തെടുത്തിരുന്നു. വ്യത്യസ്തമായിരുന്നില്ല യുഡിഎഫിന്റെ സ്ഥിതിയും. കഴിഞ്ഞ രണ്ടുതവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കണമെന്ന വാശിയിലായിരുന്നു ഐക്യമുന്നണി.  മുസ്‌ലിംലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഉഷ വിജയന് കോണ്‍ഗ്രസ് നേതൃത്വം മാനന്തവാടിയില്‍ സീറ്റ് നല്‍കിയത്. ഉഷയുടെ വിജയം അഭിമാനപ്രശ്മായി കരുതിയ ലീഗ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ജാഗ്രതയാണ് പുലര്‍ത്തിയത്. ഇതിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസുകാര്‍ നിര്‍ബന്ധിതരായി. ഫലത്തില്‍ ഉജ്വലമെന്ന് പറയാവുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് യുഡിഎഫില്‍നിന്നു പുറത്തുവന്നത്. ഇത് സ്ഥാനാര്‍ഥിയുടെയും മുന്നണി നേതാക്കളുടെയും പ്രതീക്ഷകള്‍ക്ക് കൂടുതല്‍ നിറം പകരുകയാണ്. 
എംഎല്‍എ, മന്ത്രി എന്നീ നിലകളില്‍ മണ്ഡലത്തിന് പ്രിയപ്പെട്ടവനാണ് ഒ.ആര്‍. കേളു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ‘പറയിപ്പിക്കാന്‍’  രാഷ്ട്രീയ എതിരാളികള്‍ക്ക് അവസരം അദ്ദേഹം നല്‍കിയിട്ടില്ല. മണ്ഡലത്തില്‍ പാര്‍ട്ടിക്കു പുറത്തുള്ളവരുമായി വലിയ സൗഹൃദബന്ധവും കേളുവിനുണ്ട്. ഈ സൗഹൃദം വോട്ടായി മാറിയാല്‍ കേളു മൂന്നാം അങ്കവും ജയിക്കുമെന്ന് കരുതുന്നവര്‍ മാനന്തവാടിയില്‍ കുറവല്ല.

*സുല്‍ത്താന്‍ ബത്തേരി
ജില്ലയിലെ മറ്റൊരു പട്ടികവര്‍ഗ സംവരണ മണ്ഡലമാണ് സുല്‍ത്താന്‍ ബത്തേരി. കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണനും സിപിഎമ്മിലെ എം.എസ്. വിശ്വനാഥനും ബിജെപിയിലെ എ.എസ്. കവിതയും കൊമ്പുകോര്‍ത്ത ഇവിടെ കണ്ണടച്ച് പ്രവചിക്കാന്‍ കഴിയുന്നതല്ല തെരഞ്ഞെടുപ്പുഫലം. തുടര്‍ച്ചയായി നാലാം തവണയാണ് ബാലകൃഷ്ണന്‍ മണ്ഡലത്തില്‍ ജനവിധി തേടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അദ്ദേഹം വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയനായിരുന്നു. കെപിസിസി സെക്രട്ടറി പദം ഒഴിഞ്ഞ് സിപിഎമ്മിലെത്തിയ വിശ്വനാഥനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ട ബാലകൃഷ്ണന് 11,822 വോട്ട് ഭൂരിപക്ഷമാണ് ലഭിച്ചത്. 15,198 ആയിരുന്നു എന്‍ഡിഎയക്കു ലഭിച്ച വോട്ട്. ഇക്കുറി എന്‍ഡിഎ എത്ര വോട്ട് പിടിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും മണ്ഡലത്തിലെ തെരഞ്ഞെടുപ്പുഫലം. 77.21 ശതമാനം പോളിംഗ് നടന്ന ബത്തേരിയില്‍  
എന്‍ഡിഎ 30,000ന് മുകളില്‍ വോട്ട് പിടിച്ചാല്‍ കൗണ്ടിംഗ് കഴിയുമ്പോള്‍ കരഘോഷം ഉയരുക എല്‍ഡിഎഫ് ക്യാമ്പിലാകും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *