ന്യൂഡല്‍ഹി: ചില്ലറ വില്‍പ്പന സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് പത്തുമാസത്തെ ഉയര്‍ന്ന നിലയില്‍. മാര്‍ച്ചില്‍ പണപ്പെരുപ്പനിരക്ക് 3.40 ശതമാനമായാണ് ഉയര്‍ന്നത്. തിങ്കളാഴ്ച സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
0.25 ശതമാനം എന്ന റെക്കോര്‍ഡ് താഴ്ന്ന നിരക്കിലെത്തിയ ശേഷം നവംബര്‍ മുതലാണ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ തുടങ്ങിയത്. നവംബറില്‍ പണപ്പെരുപ്പനിരക്ക് 0.71 ശതമാനമായാണ് ഉയര്‍ന്നത്. വര്‍ഷാവസാനത്തോടെ ഒരു ശതമാനം കടക്കുകയും ചെയ്തു. ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം 3.71 ശതമാനമായാണ് ഉയര്‍ന്നത്. മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ഗ്രാമീണ മേഖലയിലെ വിലക്കയറ്റം (3.63%) നഗര മേഖലയേക്കാള്‍ (3.11%) കൂടുതലാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി വര്‍ധന ഉണ്ടായെങ്കിലും ആകെ വിലക്കയറ്റം ആര്‍ബിഐയുടെ ലക്ഷ്യപരിധിയായ 2-6 ശതമാനത്തിനുള്ളില്‍ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. അടിസ്ഥാന വര്‍ഷത്തിലെ മാറ്റവും കണക്കുകൂട്ടല്‍ രീതിയിലെ പരിഷ്‌കാരങ്ങളുമാണ് വിലക്കയറ്റ നിരക്കിലെ പെട്ടെന്നുള്ള വര്‍ധനയ്ക്കുള്ള പ്രധാന കാരണം. സംസ്ഥാനങ്ങളില്‍ തെലങ്കാനയിലാണ് ഏറ്റവും ഉയര്‍ന്ന വിലക്കയറ്റം രേഖപ്പെടുത്തിയത് (5.94%). ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.
