ന്യൂഡല്‍ഹി: വനിതാ സംവരണത്തിന്റെ പേരില്‍ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ലോക്‌സഭാ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഇന്ത്യ സഖ്യം. വനിതാ സംവരണ ബില്ലിനെ തത്വത്തില്‍ അംഗീകരിക്കുന്നുണ്ടെങ്കിലും, സര്‍ക്കാര്‍ അത് നടപ്പിലാക്കുന്ന രീതി തെറ്റാണെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഇതിനെതിരെ പോരാടുമെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

‘വനിതാ സംവരണ ബില്ലിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു, പക്ഷേ സര്‍ക്കാരിന്റെ സമീപനത്തോട് ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണ്… മണ്ഡല പുനര്‍ണ നിര്‍ണയ ബില്ലില്‍ കൃത്രിമത്വം നടന്നിട്ടുണ്ട്’ ഖാര്‍ഗെ പറഞ്ഞു. ബില്ലുകളെ എതിര്‍ത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത തീരുമാനം. ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ രാഹുല്‍ ഗാന്ധി, തേജസ്വി യാദവ്, സഞ്ജയ് റാവത്ത്, നീലോത്പല്‍ ബസു, ആനി രാജ, ഒമര്‍ അബ്ദുള്ള, ടി ആര്‍ ബാലു, ജോസ് കെ മാണി, എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തു.

543 എന്ന നിലവിലെ സീറ്റ് സംഖ്യ നിലനിര്‍ത്തിക്കൊണ്ടുതന്നെ വനിതാ സംവരണം നടപ്പിലാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ബി ജെ പിയുടെ ദുഷ്ടലാക്കാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് എന്‍ കെ പ്രേമചന്ദ്രനും, ഇത് ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് ഡി എം കെയും തൃണമൂല്‍ കോണ്‍ഗ്രസും യോഗത്തില്‍ അറിയിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *