കല്‍പ്പറ്റ: തൃക്കൈപ്പറ്റ വില്ലേജിലെ നത്തംകുനിയില്‍ റവന്യു പട്ടയഭൂമിയില്‍നിന്നു നിയമവിരുദ്ധമായി ഈട്ടി മുറിച്ചതിന് കെഎല്‍സി നിയപ്രകാരം സ്ഥലം ഉടമയ്ക്ക് ചുമത്തിയ പിഴ ഈടാക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ വിമുഖതയെന്ന് ആരോപണം. അനധികൃത മരം മുറി നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പിഴ ഈടാക്കാത്തതിന് പിന്നില്‍ റവന്യു ഉദ്യോഗസ്ഥരില്‍ ചിലരുടെ ആസൂത്രിത നീക്കമാണെന്ന് സംശയിക്കണമെന്ന് ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന ജോസഫ് മാത്യു പറഞ്ഞു.
നിലവിലെ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേ 2020 ഒക്ടോബര്‍ 24ന് ഇറക്കിയതും നിയമപരമായി നിലനില്‍പ്പ് ഇല്ലാതിരുന്നതുമായ ഉത്തരവിന്റെ മറവിലാണ് നത്തംകുനിയില്‍ ഈട്ടിമുറി നടന്നത്. തൃക്കൈപ്പറ്റ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 29ല്‍ സര്‍വേ നമ്പര്‍ 59/1ല്‍പ്പെട്ട ഭൂമിയിലെ റിസര്‍വ് മരമാണ് 2020 ഡിസംബറില്‍ മുറിച്ചത്. പ്രദേശവാസികളില്‍ ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മരം മുറി തടയുന്നതിന് റവന്യു അധികാരികള്‍ നടപടി സ്വീകരിച്ചില്ല. സ്ഥലം ഉടമ എഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ 2020 ഡിസംബര്‍ ഒമ്പതിന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍നിന്നു ജില്ലാ കളക്ടര്‍ക്ക് നല്‍കിയത് മരംമുറിക്ക് സഹായകമായ നിര്‍ദേശമാണ്.
അനധികൃതമായി ഈട്ടി മുറിച്ചതിന് 2021 ജനുവരി 11നാണ് കെഎല്‍സി നിയമപ്രകാരം ഭൂവുടയ്മക്കെതിരേ കേസെടുത്തത്. ജനുവരി 17ന് തടികള്‍ റവന്യു അധികാരികള്‍ കസ്റ്റഡിയിലെടുത്തു. മരത്തിന് 12,42,472 രൂപയാണ് വനം വകുപ്പ് വില കണക്കാക്കിയത്. കെഎല്‍സി നിയമപ്രകാരം ഇതിന്റെ മൂന്നിരട്ടിയായ 37,27,416 രൂപയാണ് പിഴ ചുമത്തിയത്.
വൈത്തിരി തഹസില്‍ദാര്‍ നോട്ടീസ് നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ഥലം ഉടമ പിഴ ഒടുക്കിയില്ല. പിഴ വസൂല്‍ ചെയ്യാത്തതിന് മേപ്പാടി കോട്ടപ്പടി പോത്തമ്പാടം പി.കെ. മുരളീധരന്‍ കോഴിക്കോട് ബാറിലെ അഡ്വ.പി.ടി. രാജേഷ് മുഖേന ജില്ലാ കളക്ടര്‍ക്ക് 2025 നവംബര്‍ 26ന് നോട്ടീസ് അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് പിഴ ഏഴ് ദിവസത്തിനകം ഈടാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ 2025 ഡിസംബര്‍ ഒമ്പതിന് ഡിസിഡബ്ല്യുഡി/9042/2025ബി 3 കത്തിലൂടെ വൈത്തിരി തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇത് വീഴ്ചയായി കണ്ട മുരളീധരന്‍ പിഴ ഈടാക്കുന്നതിന് തഹസില്‍ദാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുന്നതിന് കളക്ടര്‍ക്ക് അപേക്ഷ നല്‍കി. ഇതേത്തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ ഫെബ്രുവരി 16ന് ഭൂവുടമയ്ക്കെതിരായ റവന്യു റിക്കവറിക്ക് വൈത്തിരി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. മരം മുറി നടന്നത് അക്കാലത്തെ റവന്യു അധികാരികളുടെ മൗന സമ്മതത്തോടെ ആയതിനാലാകണം പിഴ വസൂല്‍ ചെയ്യുന്നതിന് നടപടികള്‍ മന്ദഗതിയിലാക്കി ഭൂവുടമയെ സംരക്ഷിക്കുന്നതെന്ന് അഡ്വ.ജോസഫ് മാത്യു പറഞ്ഞു. വില്ലേജ് ഓഫീസിലും തഹസില്‍ദാരുടെ കാര്യാലയത്തിലും കളക്ടറേറ്റിലും നേരിട്ടു നടത്തിയ അന്വേഷണത്തില്‍, പിഴ ഈടാക്കുന്നതിനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം വൈകിപ്പിക്കുന്നുവെന്നാണ് മനസിലായത്. മുട്ടില്‍ സൗത്ത് വില്ലേജില്‍ നടന്ന അനധികൃത ഈട്ടിമുറിയുമായി ബന്ധപ്പെട്ട് കെഎല്‍സി നിയമപ്രകാരം ചുമത്തിയ 8.29 കോടി രൂപ പിഴ ഈടാക്കുന്നതിനുള്ള നടപടികളും നിലച്ച അവസ്ഥയിലാണ്. റവന്യു ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരേ ഹൈക്കോടതിയെ സമീപിക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *