കൊച്ചി: സിനിമാക്കാരും ഡോക്ടര്‍മാരും അടക്കം വമ്പന്മാരാണ് കൊച്ചിയില്‍ പിടിയിലായ ഡ്രഗ്‌സ് ഡീലര്‍ കെവിന്‍ ബി മാത്യുവിന്റെ ഇടപാടുകാരെന്ന് സൂചന. ഈ മേഖലയിലുള്ളവര്‍ക്ക് കെവിന്‍ ലഹരി കൈമാറിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കെമിക്കല്‍ ഡ്രഗ്‌സിന്റെ ഹോള്‍സെയില്‍ ഡീലറായിരുന്നു, തൃക്കാക്കര ചെമ്പുമുക്ക് സ്വദേശിയായ കെവിനെന്നും പൊലീസ് സൂചിപ്പിക്കുന്നു.

കെവിന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിച്ചു വരികയാണ്. ഡിജെ പാര്‍ട്ടിക്ക് വരുന്നവര്‍ക്കാണ് കെവിന്‍ പ്രധാനമായും ലഹരി കൈമാറിയിരുന്നത്. വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടിയിലും കെവിന്‍ ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവിധ ആശുപത്രികളിലെ യുവഡോക്ടര്‍മാര്‍ക്ക് ലഹരി നല്‍കിയിരുന്നതായി കെവിന്‍ പൊലീസിന് മൊഴി നല്‍കി.

സിനിമാ മേഖലയില്‍ ഉള്ളവര്‍ക്കും ലഹരിമരുന്ന് കൈമാറിയിരുന്നുവെന്നും കെവിന്‍ പൊലീസിനോട് പറഞ്ഞു. കെവിന്റെ ഇടപാടുകാരുടെ പട്ടിക പൊലീസ് തയ്യാറാക്കുകയാണ്. ഇവരിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന. എംഡിഎംഎയും എക്സ്റ്റസി പില്‍സും അടക്കമാണ് നേരത്തെ കെവിനെ അറസ്റ്റ് ചെയ്തത്. ഡ്രഗ്‌സ് പാര്‍ട്ടി കേസിലും കെവിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു.

മയക്കുമരുന്നു വിതരണത്തിനായി യുവതികളും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ള ലഹരി റാക്കറ്റ് ഇയാള്‍ ഉണ്ടാക്കിയിരുന്നു. സിനിമകളില്‍ അവസരം വാഗ്ദാനംചെയ്തും മറ്റുമാണ് ഇയാള്‍ പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തിയിരുന്നത്. പിന്നീട് ഇവരെ ലഹരിക്കടത്തിന് ഉപയോഗിക്കുകയായിരുന്നു. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് ലഹരിമരുന്നുമായി പിടികൂടിയ അഭിഭാഷകന്‍, ദന്തഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഹരി എത്തിച്ചുനല്‍കിയത് കെവിനാണെന്നും പൊലീസ് പറയുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *