മുംബൈ: ഐപിഎല്ലിൽ മുൻ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ ഇത്തവണത്ത പ്രകടനം നിരാശാജനകമാണ്. അതിനിടെ മുംബൈ ഇന്ത്യൻസിനെ അടുത്ത മത്സരത്തിൽ രോഹിത് ശർമ നയിച്ചേക്കുമെന്ന വാർത്തകളാണ് വരുന്നത്. റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിനെതിരായ പോരാട്ടത്തിലായിരിക്കും ഹിറ്റ്മാൻ വീണ്ടും ക്യാപ്റ്റൻ സ്ഥാനമേറ്റെടുക്കുക.

പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് നിലവിൽ മുംബൈ. പ്ലേ ഓഫ് പ്രതീക്ഷകൾ എതാണ്ട് അവസാനിച്ച അവസ്ഥയാണ്. ടീമിൽ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യക്കെതിരെ വലിയ അതൃപ്തിയുമുണ്ട്. പുറംവേദന കാരണം കഴിഞ്ഞ മത്സരത്തിൽ ഹർദിക് കളിച്ചിരുന്നില്ല. പകരം സൂര്യകുമാർ യാദവാണ് ടീമിനെ നയിച്ചത്. ആർസിബിക്കെതിരെയും ഹർദിക് ഉണ്ടാകില്ലെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങളാൽ സൂര്യയും ആർസിബിക്കെതിരായ പോരാട്ടത്തിൽ കളിച്ചേക്കില്ലെന്നാണ് വിവരം. ഇതോടെയാണ് രോഹിത് വീണ്ടും ടീമിന്റെ കടിഞ്ഞാണേന്തുന്നത്.

റായ്പുരിലാണ് മുംബൈ- ആർസിബി പോരാട്ടം. ടീമിന്റെ ആദ്യ സംഘം ഇവിടെ എത്തിയിട്ടുണ്ട്. ഈ കൂട്ടത്തിൽ ഹർദിക് ഇല്ല. രോഹിത് ശർമ ആദ്യ സംഘത്തിനൊപ്പമുണ്ട്. വിമാന സർവീസുകൾ കുറവായതിനാലാണ് താരങ്ങൾ ഘട്ടം ഘട്ടമായി റായ്പുരിലെത്തുന്നത്. ഞായറാഴ്ചയ്ക്കു മുൻ ​ഹർദികും സൂര്യയും ടീമിനൊപ്പം ചേർന്നില്ലെങ്കിൽ രോഹിത് തന്നെയാകും ടീമിനെ നയിക്കുക.

അതിനിടെ ഹർദിക് പാണ്ഡ്യയുടെ പരിക്കിനെ പറ്റി തനിക്കറിവില്ലെന്നാണ് കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിലെ സഹ താരം റിയാൻ റിക്കൽടൻ പ്രതികരിച്ചത്. താരത്തിന്റെ പരിക്ക് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ മുംബൈ ടീം പുറത്തു വിട്ടിട്ടില്ല. താരത്തിന്റെ പുറംവേദന ​ഗുരുതരമായ പ്രശ്നമല്ല. എന്നാൽ ഒരു കളി കൂടി ഒഴിവാക്കി വിശ്രമിക്കാൻ ഹർദികിനു മെഡിക്കൽ സംഘം നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *