സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് യുഡിഎഫ് ഭരണത്തിലേക്കുള്ള വഴി തുറന്നതോടെ വയനാട്ടിലെ ആരോഗ്യരംഗ പ്രതീക്ഷകൾക്ക് വീണ്ടും ചിറകു മുളയ്ക്കുന്നു. ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണമെന്ന ദീർഘകാല ആവശ്യമാണ് ഇപ്പോൾ വികസന പദ്ധതികളിൽ മുൻപന്തിയിൽ.

മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയ സാഹചര്യത്തിൽ ജില്ലയിൽ ഒരു സമഗ്ര ജില്ലാ ആശുപത്രിയുടെ അഭാവം കൂടുതൽ അനുഭവപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് അടിസ്ഥാന സൗകര്യങ്ങളുള്ള ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നത്.

മൂന്ന് സംസ്ഥാനങ്ങളുടെ സംഗമകേന്ദ്രമായ സുൽത്താൻ ബത്തേരിയിൽ ഇത്തരമൊരു വികസനം യാഥാർഥ്യമായാൽ കേരളം, കർണാടക, തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് അത് വലിയ ആശ്വാസമാകും. യുഡിഎഫ് പ്രകടനപത്രികയിൽ തന്നെ ഉൾപ്പെടുത്തിയിരുന്ന ഈ പദ്ധതി നടപ്പാക്കാൻ ഭരണത്തിലെത്തിയതോടെ വേഗം കൈക്കൊള്ളുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.

മുൻ ഭരണകാലത്ത് സാങ്കേതിക തടസങ്ങളും നടപടിക്രമങ്ങളിലെ വൈകിപ്പോക്കും കാരണം ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന പദ്ധതിക്ക് ഇപ്പോൾ വീണ്ടും ജീവൻ ലഭിച്ചിരിക്കുകയാണ്.

ബ്ലോക്ക് പഞ്ചായത്തിൻ്റെ അനുകൂല നിലപാടും പുതിയ ഭരണസമിതിയുടെ സജീവ ഇടപെടലും പദ്ധതിക്ക് കരുത്തേകുന്ന ഘടകങ്ങളാണ്. ജില്ലാ പഞ്ചായത്തിന്റെ അംഗീകാരവും വേഗത്തിൽ ലഭിക്കുമെന്നാണു വിലയിരുത്തൽ. ഇതോടെ ഭരണപരമായ തടസങ്ങൾ നീങ്ങി പദ്ധതി നടപ്പാക്കാനുള്ള വഴിയൊരുങ്ങും.

വയനാട്ടിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭിക്കണമെങ്കിൽ ഇപ്പോഴും രോഗികൾക്ക് ചുരം ഇറങ്ങി മറ്റു ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. രാത്രിയാത്രാ നിയന്ത്രണം, വന്യമൃഗ ഭീഷണി, ഗതാഗത ബുദ്ധിമുട്ടുകൾ നിലനിൽക്കെ ബത്തേരി താലൂക്ക് ആശുപത്രിയെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ജില്ലാ ആശുപത്രിയായി ഉയർത്തുന്നത് വയനാട്ടിൻ്റെ ആരോഗ്യരംഗത്ത് നിർണായക വഴിത്തിരിവാകുമെന്നാണു വിദഗ്‌ധരുടെ വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ യാഥാർഥ്യമാകുന്ന ആദ്യ പദ്ധതിയായി ഇത് മാറുമെന്ന പ്രതീക്ഷയിലാണ് ജില്ല.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *