അബുദാബി: അഞ്ചു രാഷ്ട്രങ്ങൾ സന്ദർശിക്കുന്ന വിദേശ പര്യടനത്തിന്റെ ആദ്യ ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം നിർണ്ണായക ചർച്ചകൾ നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയെക്കുറിച്ചും ആഗോളതലത്തിൽ അത് ചെലുത്തുന്ന ആഘാതത്തെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു.

സമാധാനത്തിന് ഇന്ത്യയുടെ പിന്തുണ

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി യുഎഇ പ്രസിഡന്റിനെ അറിയിച്ചു. മേഖലയിൽ സമാധാനം തിരിച്ചുകൊണ്ടുവരുന്നതിനായി സാധ്യമായ എല്ലാ പിന്തുണയും നൽകാൻ ഇന്ത്യ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ പ്രകോപനപരമായ സാഹചര്യത്തിൽ യുഎഇ പുലർത്തുന്ന സംയമനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

എഫ്-16 വിമാനങ്ങളുടെ അകമ്പടി

അത്യപൂർവ്വമായ നയതന്ത്ര ബഹുമതിയാണ് യുഎഇ പ്രധാനമന്ത്രിക്ക് നൽകിയത്. അദ്ദേഹത്തിന്റെ വിമാനം യുഎഇ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ തന്നെ വ്യോമസേനയുടെ അത്യാധുനിക എഫ്-16 യുദ്ധവിമാനങ്ങൾ അകമ്പടിയായി വിമാനത്തിന് ഇരുവശത്തും നിരന്നു. വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണവും സൈനിക ഗാർഡ് ഓഫ് ഓണറും നൽകി

2023-24 കാലയളവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 84 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. യുഎസ്-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ പശ്ചാത്തലത്തില്‍ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും. സമുദ്ര സുരക്ഷ, വ്യാപാര പാതകളുടെ സുരക്ഷ പ്രത്യേകിച്ച് ഹോര്‍മുസ് കടലിടുക്ക്, ഊര്‍ജ്ജ വിപണിയിലെ മാറ്റങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും. യുഎഇയിലെ 4.7 ദശലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും ചര്‍ച്ചകളില്‍ ഇടംപിടിക്കും. യുഎഇ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍, നോര്‍വേ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് യാത്ര തിരിക്കും. യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാര-നിക്ഷേപ പങ്കാളിത്തം ശക്തമാക്കുകയാണ് ഈ സന്ദര്‍ശനങ്ങളുടെ ലക്ഷ്യം. മെയ് 20 ന് അദ്ദേഹം തിരിച്ച് ഇന്ത്യയിലെത്തും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *