തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിഐപികളുടെ നീണ്ട നിരയുണ്ടാകും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ ഇന്ന് രാവിലെ 9 മണിയോടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തും. വെള്ളിയാഴ്ച രാവിലെ ആലപ്പുഴയിലേക്ക് മടങ്ങിയ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രാവിലെയെത്തും.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു എന്നിവരും ചടങ്ങിനെത്തും. ഇവരെല്ലാം പ്രത്യേക വിമാനത്തിൽ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തുമെന്നു കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. 15,000 ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമേ സ്റ്റേഡിയത്തിന്റെ ഗാലറിയിലും ആളുകൾക്ക് ഇരിക്കാൻ സൗകര്യമുണ്ട്. മഴ ഭീഷണിയുള്ളതിനാൽ ഇവിടെ മേൽക്കൂരകളും സ്ഥാപിച്ചിട്ടുണ്ട്.
