പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ പഞ്ചായത്ത്, കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെൽ എന്നിവയുടെയും നേതൃത്വത്തിൽ മിഷൻ പ്ലസ് വൺ പദ്ധതിയുടെ ഭാഗമായി കരിയർ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ ഏകജാലക പ്രവേശന നടപടികൾ പരിചയപ്പെടുത്തുന്നതിനായുള്ള ക്ലാസ് തൊണ്ടർനാട് എം.ടി.ഡി.എം.എച്ച്.എസ്.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
ഏകജാലക സംവിധാനത്തിലൂടെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് അനുയോജ്യമായ പ്ലസ് വൺ കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിനുള്ള നിർദേശങ്ങളും ക്ലാസിന്റെ ഭാഗമായി നൽകി. 44 വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് ടി. മെയ്തു അധ്യക്ഷനായ യോഗം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി.ടി.കെ ബിജു, പ്രിൻസിപ്പൽ ടി മഞ്ജു, അധ്യാപിക രജീഷ എന്നിവർ പങ്കെടുത്തു. കരിയർ ഗൈഡ് കെ.ഐ വിൽസൻ ക്ലാസിന് നേതൃത്വം നൽകി.
