മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് 16 പൈസയുടെ നേട്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ 95.03 പോയിന്റിലേക്കാണ് രൂപ തിരിച്ചുകയറിയത്. ആഗോള വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന റിപ്പോര്‍ട്ടുകളാണ് രൂപയ്ക്ക് തുണയായത്. അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

ഇന്നലെ 34 പൈസയുടെ നഷ്ടത്തോടെ 95.19ലാണ് രൂപ ക്ലോസ് ചെയ്തത്. റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം വെള്ളിയാഴ്ചയാണ്. ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ച പുരോഗമിക്കുകയാണ്. ഇതെല്ലാം നിക്ഷേപകര്‍ നിരീക്ഷിച്ച് വരികയാണ്. ഇതും രൂപയെ സ്വാധീനിച്ചേക്കാമെന്നും വിപണി വിദഗ്ധര്‍ പറയുന്നു. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ നേരിയ ഇടിവുണ്ട്. നിലവില്‍ ബാരലിന് 94.21 ഡോളര്‍ എന്ന നിലയിലാണ് എണ്ണ വ്യാപാരം നടക്കുന്നത്. ഇന്നലെ വലിയ മുന്നേറ്റമാണ് എണ്ണവിലയില്‍ ഉണ്ടായത്.

അതേസമയം ഓഹരി വിപണിയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്്‌സ് 300ലധികം പോയിന്റ് താഴ്ന്നിരുന്നുവെങ്കിലും പിന്നീട് തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന ചിന്തയാണ് വിപണി തിരിച്ചുകയറാനുള്ള ഒരു പ്രധാന കാരണം.

By admin

Leave a Reply

Your email address will not be published. Required fields are marked *