തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് വൈദ്യുതാഘാതമേറ്റുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, കെട്ടുകാഴ്ചകൾക്കും ഫ്ലോട്ടുകൾക്കും ദീപാലങ്കാരങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വൈദ്യുതി വകുപ്പ്.

പുതിയ ഉത്തരവ് പ്രകാരം, ഉത്സവങ്ങളിലെ ദീപാലങ്കാരങ്ങൾക്ക് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ സുരക്ഷാ പരിശോധന നിർബന്ധമാക്കി. അനുമതിയില്ലാതെ ഇവ നടത്തിയാൽ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും.

കൂറ്റൻ കെട്ടുകാഴ്ചകളും ഫ്ലോട്ടുകളും ദൂരസ്ഥലങ്ങളിൽ നിന്ന് ഉത്സവപ്പറമ്പിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു. അഥവാ കൊണ്ടുവരേണ്ടി വന്നാൽ, വൈദ്യുതി ലൈനുകൾക്ക് താഴെക്കൂടി കടന്നുപോകുന്ന വിധം ഉയരം ക്രമീകരിക്കുകയും, പോലീസിന്റെയും കെ.എസ്.ഇ.ബി.യുടെയും മുൻകൂർ അനുമതി വാങ്ങുകയും വേണം. വാടകയ്ക്ക് എടുക്കുന്ന കെട്ടുകാഴ്ചകൾ ആരാധനാലയത്തിന് സമീപം വെച്ച് നിർമ്മിച്ച്, ഉത്സവ ശേഷം അഴിച്ച് തിരികെ കൊണ്ടുപോകണമെന്നും നിർദ്ദേശമുണ്ട്.

ഉത്തരവ് കർശനമായി നടപ്പാക്കുന്നതിന് മുൻപ് ആരാധനാലയങ്ങളിലെ കമ്മിറ്റികളുമായി ചർച്ച നടത്തുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ വ്യക്തമാക്കി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *