അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു. പ്രസിഡന്റ് ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ളവരാണ് രാജി വച്ചത്. ജനറല്‍ ബോഡിയിലെ അവിശ്വാസ പ്രമേയവും തുടര്‍ന്നുള്ള നാടകീയ നീക്കങ്ങള്‍ക്കുമൊടുവിലാണ് എല്ലാവരും രാജിവച്ചത്. അടുത്ത തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെന്ന് ഉടന്‍ തീരുമാനിക്കും. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അഡ്‌ഹോക് കമ്മിറ്റി ഉടന് രൂപീകരിക്കാനും തീരുമാനമായി.

13 അംഗ ഭരണസമിതിയാണ് രാജിവച്ചിരിക്കുന്നത്. പ്രസിഡന്റ് ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍, അന്‍സിബ ഹസ്സന്‍, ലക്ഷ്മിപ്രിയ, സെക്രട്ടറി കുക്കു പരമേശ്വരന്‍ എന്നിവരുള്‍പ്പെടെയാണ് രാജിവച്ച് ഒഴിഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ചര്‍ച്ചയായപ്പോള്‍ സംഘടനയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ ആദ്യമായി സ്ത്രീകള്‍ വരുന്നത് ചരിത്രമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എങ്കിലും സംഘടനയ്ക്കുള്ളിലെ പ്രതിസന്ധികളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ ഭരണസമിതിയ്ക്ക് കഴിയാതെ വരികയായിരുന്നു. ഇതുമൂലമാണ് അധികാരമേറ്റ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ശ്വേത മേനോന് ഉള്‍പ്പെടെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടി വരുന്നത്.

നാടകീയ രംഗങ്ങളാണ് ഇന്നത്തെ യോഗത്തിലുണ്ടായത്. വേദിയില്‍ കയറി ശ്വേത രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടന്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് അനുനയിപ്പിക്കാനും തിരികെ വിളിക്കാനും സജീവമായ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. താന്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ അനുകൂലമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് വേദിയില്‍ ശ്വേത പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *