‘വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ബക്കാര്‍ഡിക്ക് വേണ്ടിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ അഴിമതി ആരോപണം ചട്ടവിരുദ്ധ നടപടി, സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പ്രതിപക്ഷ നേതാവിന്റെ അഴിമതി ആരോപണം, അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകിയിട്ടില്ല. ആരോപണമുന്നയിക്കാൻ നടപടിക്രമം അനുസരിച്ച് കഴിയില്ല. ആരോപണം നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിശോധിക്കുമെന്ന് സ്പീക്കർ വ്യകത്മാക്കി.
വികസന പദ്ധതികൾ ജില്ലകൾക്ക് തുല്യമായി ലഭ്യമാക്കണമെന്ന കാഴ്ചപ്പാടാണുള്ളത്. ഈ സർക്കാറിനുള്ളത് പുതിയ നയസമീപനം. കാലോചിതമായ പരിഷ്കാരങ്ങൾ ഉണ്ടാകും. മലബാർ ജില്ലകൾക്കും തീരദേശ മേഖലകൾക്കും അർഹമായ പരിഗണന ഉണ്ടാകും. സമസ്തമേഖലയെയും വിലയിരുത്തിക്കൊണ്ടുള്ള നയമായിരിക്കും. സാമ്പത്തിക അസമത്വം മറികടക്കാനുള്ള തീവ്രശ്രമത്തിലാണ്. പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് പ്രത്യേക പരിഗണന. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന ദിവസം കുട്ടനാട് താലൂക്കിൽ പ്രാദേശിക അവധി നൽകുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി.
അതേസമയം ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. ഇതിനായി ബജറ്റിൽ നികുതി നിർദേശം തിരുകികയറ്റുകയാണ് ചെയ്തിരിക്കുന്നത്. പുതിയ നികുതി നിർദ്ദേശം ആലോചിച്ചില്ല എന്നാണ് ബജറ്റ് ഷെഡ്യൂളിൽ മനസിലാകുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. സ്വകാര്യ മദ്യ കമ്പനിക്ക് അമിത ലാഭം കൊയ്യാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാകുക. അതാണ് ഗൗരവമുള്ള സംഗതിയെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
കർണാടകയിലെ മദ്യ കമ്പനിക്ക് വേണ്ടിയാണ് ഈ നീക്കം. സ്വകാര്യ മദ്യ കമ്പനിയായ ബക്കാഡിക്ക് വേണ്ടിയുള്ള നീക്കമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. നികുതി കുറക്കുന്നത് ബെക്കാർഡിക്ക് വേണ്ടിയാണെന്നും പിണറായി അഭിപ്രായപ്പെട്ടു.2023 ലാണ് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് അപേക്ഷ നൽകിയത്. കഴിഞ്ഞ സർക്കാർ ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷം ശരവേഗത്തിൽ ഫയൽ നീക്കമുണ്ടായി. ഏഴ് ഉദ്യോസ്ഥർ ശര വേഗതയിൽ ഫയൽ കണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി.

