വാഷിങ്ടൺ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ നിർണായക പോരിൽ ഓസ്ട്രേലിയ- പാരഗ്വെ മത്സരം ഗോൾരഹിത സമനിലയിൽ. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ആതിഥേയരായ യുഎസ്എയെ 3-2നു വീഴ്ത്തി തുർക്കി ജയത്തോടെ നാട്ടിലേക്ക് മടങ്ങി. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ തുർക്കിക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ സാധിച്ചില്ല. യുഎസ്എ ആദ്യ രണ്ട് കളിയും ജയിച്ച് നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പാക്കിയിരുന്നു. നിലവിൽ ഈ ഗ്രൂപ്പിൽ നിന്നു യുഎസ്എ ഗ്രൂപ്പ് ചാംപ്യൻമാരായും ഓസ്ട്രേലിയ രണ്ടാം സ്ഥാനക്കാരായും അവസാന 32ൽ എത്തി.
തുർക്കി ഈ ലോകകപ്പിലെ ആദ്യ ജയമാണ് അവസാന പോരിൽ സ്വന്തമാക്കിയത്. പക്ഷേ അവർക്ക് ജയത്തോടെ ടൂർണമെന്റിനോടു വിട ചൊല്ലാമെന്നു മാത്രമാണ് ജയം കൊണ്ടു കിട്ടിയത്. പിന്നിൽ നിന്ന ശേഷമാണ് തുർക്കി വിജയം പിടിച്ചത്.
ജയിച്ച് മടങ്ങി തുർക്കി
5 ഗോൾ പിറന്ന ത്രില്ലറിൽ മൂന്നാം മിനിറ്റിൽ ഓസ്റ്റൺ ട്രസ്റ്റിയിലൂടെ യുഎസ്എ ആണ് ആദ്യം ലീഡെടുത്തത്. ഏഴു മിനിറ്റിനു ശേഷം തുർക്കി അർദ ഗുലറിലൂടെ സമനില പിടിച്ചു. ഈ ലോകകപ്പിൽ മൂന്ന് കളികളിൽ നിന്നായി തുർക്കി നേടുന്ന ആദ്യ ഗോളാണിത്. പിന്നീട് 31 മിനിറ്റിൽ ബാരിസ് അൽപർ യിൽമാസിലൂടെ തുർക്കി ഇത്തവണ ലീഡ് പിടിച്ചു.
രണ്ടാം പകുതി തുടങ്ങി 49ാം മിനിറ്റിൽ സെബാസ്റ്റ്യൻ ബെർഹാൽറ്റർ യുഎസ്എയെ ഒപ്പമെത്തിച്ചു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഇൻഞ്ച്വറി ടൈമിന്റെ എട്ടാം മിനിറ്റിലാണ് തുർക്കിയുടെ വിജയ ഗോളെത്തിയത്. കാൻ അയ്ഹാന്റെ ഗോളിലാണ് തുർക്കി അഭിമാന വിജയം പിടിച്ചത്.
