സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ ചോദ്യം ചെയ്യൽ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ അധികൃതരുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യലാണ് പുരോഗമിക്കുന്നത്. ഇന്നലെ ശരൻ എസ് കർത്തയെ രണ്ടാമത് ചോദ്യം ചെയ്തിരുന്നു. സിഎംആർഎല്ലിന് ഒന്നാം പിണറായി സർക്കാർ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടോ എന്നാണ് ED പരിശോധിക്കുന്നത്. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയെ മൂന്നാമതും ഇഡി ചോദ്യം ചെയ്യും. പിണറായി വിജയന്റെ മകൾ വീണ ടിയോട് എപ്പോൾ വിളിച്ചാലും ഹാജരാവണം എന്നാണ് ഇഡി നൽകിയിട്ടുള്ള നിർദേശം.
കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളുടെ പരിശോധന ഇ.ഡി ആരംഭിച്ചിരുന്നു. എസ്എഫ്ഐഒ റിപ്പോർട്ടിന്റെ 134 അനുബന്ധ രേഖകൾ ഇഡിയ്ക്ക് ലഭിച്ചിരുന്നു. നേരത്തെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി.വീണയെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. എന്നാൽ സി.എം.ആർ.എൽ ഉന്നതരും, വീണയും നൽകിയ മൊഴികൾ തമ്മിൽ പൊരുത്തക്കേട് ഉണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ.
എക്സാലോജിക് -സിഎംആർഎലിന് നൽകിയ സേവനം.സിഎംആർഎലിൽ നിന്ന് ലഭിച്ച പണം എന്ത് ചെയ്തു എന്നീ കാര്യങ്ങളിൽ ഊന്നിയായിരുന്നു വീണയെ രണ്ടാം വട്ടം ചോദ്യം ചെയ്തിരുന്നത്. പതിനൊന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് വീണയെ വിട്ടയച്ചത്. കഴിഞ്ഞ തവണ സേവനവുമായി ബന്ധപ്പെട്ട രേഖകൾ ചോദിച്ചെങ്കിലും വീണക്ക് ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ് കർത്താ, മകൾ ഷിബി എസ് കർത്ത, മകൻ ശരൻ എസ് കർത്ത, എന്നിവരടക്കം 6 പേരെയാണ് ഇഡി ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തത്.
