​കൽപ്പറ്റ: വയനാട് ജില്ലയിലെ ഹയർസെക്കൻഡറി മേഖലയിൽ കൂടുതൽ ഹ്യൂമാനിറ്റീസ് ബാച്ചുകൾ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെ.എസ്.റ്റി.സി.) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

​ജില്ലയിൽ പ്ലസ്ടു പ്രവേശനം നേടുന്ന ആദിവാസി വിദ്യാർത്ഥികളിൽ 25 ശതമാനത്തിലധികം പേർ പരീക്ഷയ്ക്ക് മുൻപ് പഠനം നിർത്തുന്ന ഗുരുതരമായ സാഹചര്യമാണുള്ളത്. ഹ്യൂമാനിറ്റീസിന് ആവശ്യത്തിന് സീറ്റുകളില്ലാത്തതും, സ്പെഷ്യൽ അലോട്ട്മെന്റുകൾ വൈകുന്നതുമാണ് ഇതിന് പ്രധാന കാരണം. വൈകി പ്രവേശനം ലഭിക്കുന്നവർക്കാകട്ടെ, കിലോമീറ്ററുകൾ അകലെയുള്ള സ്കൂളുകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നതും കൊഴിഞ്ഞുപോക്കിന് ആക്കം കൂട്ടുന്നു.

​​ഹൈസ്കൂൾ തലത്തിലുള്ളതുപോലെ ഹയർസെക്കൻഡറി തലത്തിലും ഗോത്രവിഭാഗം കുട്ടികൾക്ക് പ്രത്യേക പിന്തുണ ഉറപ്പാക്കാനും, കൂടുതൽ ഹ്യൂമാനിറ്റീസ് ബാച്ചുകൾ അനുവദിച്ച് അവരെ സ്കൂളുകളിൽ നിലനിർത്താനും വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് കെ.എസ്.റ്റി.സി. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻറ് ഷാനവാസ് ഓണാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ എ സന്തോഷ് കുമാർ, പി ജെ ജോമിഷ്, സിജോയ് ചെറിയാൻ, പി ആർ ദിവ്യ, എ വൈ നിഷാല, വി കെ കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *