അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസ്സുകാരൻ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും. കുട്ടിയെ ചികിത്സിച്ച ശിശുരോഗ വിദഗ്ദ്ധ, പ്ലാസ്റ്റിക് സർജൻ എന്നിവരെയാകും പ്രതിചേർക്കുക. ഡോക്ടർമാരെ സംരക്ഷിക്കില്ലെന്ന മാനേജ്മെന്റിന്റെ ഉറപ്പിൽ ആശുപത്രിക്ക് മുന്നിൽ മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു.

പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം കഴിഞ്ഞതിന് ശേഷമാണ് നാട്ടുകാരുടെ നേതൃത്വത്തിൽ മൃതദേഹവുമായി പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചത്. അനസ്തേഷ്യ ഡോക്ടർ അഞ്ജലി പൊതുവാളിനൊപ്പം, ശിശുരോഗ വിഭാഗം ഡോക്ടർ ആശ നിർമൽ, പ്ലാസ്റ്റിക് സർജൻ ആരതി അന്തർജനം എന്നിവരെക്കൂടി പ്രതി ചേർക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. പിന്നാലെ കുടുംബാംഗങ്ങളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആശുപത്രി മാനേജ്മെന്റുമായി പയ്യന്നൂർ ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി. ഡോക്ടർമാരെക്കൂടി പ്രതിചേർക്കാമെന്ന പൊലീസിന്റെയും, അന്വേഷണവുമായി സഹകരിക്കുമെന്ന മാനേജ്മെന്റിന്റെയും ഉറപ്പ് ലഭിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.

കുഞ്ഞിന്റെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഡി.എം.ഒയുടെ നിർദേശപ്രകാരം പുതിയ മെഡിക്കൽ ബോർഡും ഉടൻ രൂപീകരിക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി കിട്ടിയ ശേഷമാകും പൊലീസ് തുടർനടപടി സ്വീകരിക്കുക. കുഞ്ഞിനെ ചികിത്സിച്ച മൂന്ന് ഡോക്ടർമാരും ആശുപത്രിയിൽ എത്തിയിട്ടില്ല. ഇന്നലെയാണ് പയ്യന്നൂർ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ ഏക മകൻ ദേവാൻഷ് ശൗര്യ മരിച്ചത്. മൃതദേഹം അമ്മയുടെയും അച്ഛന്റെയും വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *