ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ആക്രമണം. ബുഷെഹർ ആണവനിലയത്തിനടുത്ത വൈദ്യുത സബ്‌സ്‌റ്റേഷനിലടക്കം ആക്രമണമെന്ന് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഓരോ കപ്പലുകളെ ആക്രമിക്കുമ്പോഴും, ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ അമേരിക്ക ബോംബിട്ട് തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. സൗദി അറേബ്യയിലെ അൽ ഷുഖൈഖിൽ നിന്ന് 70 നോട്ടിക്കൽ മൈൽ അകലെ എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടതായും കപ്പലിൽ തീപിടുത്തമെന്നും യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ്.
മൂന്നാഴ്ചയ്ക്കിടെ ഇറാനിൽ 58 പേർ കൊല്ലപ്പെട്ടതായി ഇറാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സൗദിയും അമേരിക്കയും ആണവ സഹകരണ കരാറിൽ ഒപ്പുവച്ചതായി യുഎസ് ഊർജ്ജ വകുപ്പ് വ്യക്തമാക്കി. ഇസ്രയേലിന്റെ എതിർപ്പ് അവഗണിച്ചാണ് കരാർ. ഇറാന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ പശ്ചിമേഷ്യയിലൊരിടത്തും സുരക്ഷ ഉണ്ടാകില്ലെന്ന് ഇറാൻ പാർലമെൻറ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് പറഞ്ഞു. പാലങ്ങളും ഊർജ നിലയങ്ങളും ആക്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ. രണ്ട് സൗദി എണ്ണ ടാങ്കറുകൾ ആക്രമിച്ചതായി ഹൂതികൾ.
ഇറാൻ യുദ്ധത്തിന് ഇതുവരെ 3750 കോടി ഡോളർ ചെലവായതായി പെന്റഗൺ യു എസ് സെനറ്റിനെ അറിയിച്ചു. യുദ്ധത്തിനായി 7000 കോടി ഡോളർ വേണ്ടി വരുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് സെനറ്റ് സമിതിക്കു മുന്നിൽ വച്ച അഭ്യർത്ഥനയിൽ വ്യക്തമാക്കി. ആക്രമണങ്ങൾക്കിടെ മധ്യസ്ഥരാഷ്ട്രങ്ങളിലൂടെ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ സ്ഥിരീകരിച്ചിരുന്നു.
