ആലപ്പുഴയിലെ ഗണ്‍മാന്‍മാരുടെ മര്‍ദനവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചെന്നതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍. ആഭ്യന്തര സെക്രട്ടറിയുടെ ശിപാര്‍ശ പരിഗണിച്ചുകൊണ്ടാണ് അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല തീരുമാനമെടുത്തത്. ഗണ്‍മാന്‍ മര്‍ദന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടിയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാണ് ആഭ്യന്തര വകുപ്പിന്റെ ഈ നടപടി. 

ബെവ്‌കോയുടെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ തസ്തികയിലാണ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന് ക്രമസമാധാന ചുമതല ഉണ്ടായിരുന്ന സമയത്താണ് ആലപ്പുഴയില്‍ നവകേരള സദസ്സ് ബസിന് നേരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കരിങ്കൊടി കാണിച്ചത്. അന്നത്തെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ കരിങ്കൊടിച്ച കാണിച്ചവരെ ക്രൂരമായി മര്‍ദിച്ചതിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പുതിയ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത്. ഗണ്‍മാന്‍മാരെ സംരക്ഷിക്കാന്‍ പൊലീസ് തലപ്പത്തുനിന്നും ഇടപെടലുണ്ടായെന്ന് മുമ്പേ ആരോപണം ഉയര്‍ന്നിരുന്നു. അജിത് കുമാര്‍ ഇതില്‍ ഇടപെട്ടുവെന്ന എസ്‌ഐടി റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് ഇപ്പോള്‍ അദ്ദേഹത്തിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ഗണ്‍മാന്‍ മര്‍ദനക്കേസ് അട്ടിമറിയില്‍ നടപടിയെടുക്കാന്‍ പുതിയ സര്‍ക്കാരും മടിക്കുന്നു എന്ന ആക്ഷേപം മുമ്പ് ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു. യുഡിഎഫ് പ്രതിപക്ഷത്തിരുന്നപ്പോള്‍ എഡിജിപി അജിത് കുമാറിനെതിരെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ അടക്കം ഉന്നയിച്ചിരുന്നു. എന്നിട്ടും അജിത് കുമാറിനെതിരെ നടപടിയെടുക്കാത്തത് സംശയങ്ങള്‍ക്ക് കാരണമായതിന് പിന്നാലെയാണ് സംശയങ്ങളെ അസ്ഥാനത്താക്കിക്കൊണ്ട് ആഭ്യന്തര വകുപ്പിന്റെ ശക്തമായ നടപടി വന്നിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *