കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ അജ്ഞാത മൃതദേഹങ്ങൾ കെട്ടിക്കിടക്കുന്നത് ഗുരുതര പ്രതിസന്ധിക്ക് ഇടയാക്കുന്നു. നിലവിൽ 11 അജ്ഞാത മൃതദേഹങ്ങളാണ് സംസ്കരിക്കപ്പെടാതെ മോർച്ചറിയിലുള്ളത്. ആകെ 15 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ശേഷി മാത്രമുള്ളതിനാൽ പുതിയ മൃതദേഹങ്ങൾ എത്തുമ്പോൾ വലിയ പ്രയാസമാണ് നേരിടേണ്ടിവരുന്നതെന്ന് മെഡിക്കൽ കോളജ് വൃത്തങ്ങൾ പറയുന്നു.

അജ്ഞാത മൃതദേഹങ്ങൾ ദീർഘകാലം മോർച്ചറിയിൽ തുടരുന്നതിനാൽ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. പൊലീസ് നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാകാത്തതാണ് മൃതദേഹങ്ങൾ സംസ്കരിക്കാൻ വൈകുന്നതിന്റെ പ്രധാന കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

നേരത്തെ പൊലീസും ആശുപത്രി ഭരണവിഭാഗവും തമ്മിലുണ്ടായ ഏകോപനക്കുറവും അജ്ഞാത മൃതദേഹങ്ങൾ കുന്നുകൂടാൻ ഇടയാക്കിയിരുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാകാത്തത് പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുകയാണ്. അതേസമയം, ആവശ്യത്തിന് ഫ്രീസർ സൗകര്യമില്ലാത്തതും മോർച്ചറിയിലെ ബുദ്ധിമുട്ടുകൾ വർധിപ്പിക്കുന്നുണ്ട്.

മൃതദേഹങ്ങൾ സുരക്ഷിതമായി കൂടുതൽ ദിവസം സൂക്ഷിക്കാൻ പരിമിതമായ സംവിധാനങ്ങൾ മാത്രമുള്ളതിനാൽ ആശുപത്രി ജീവനക്കാരും ഫോറൻസിക് വിഭാഗവും കടുത്ത സമ്മർദത്തിലാണ്. അജ്ഞാത മൃതദേഹങ്ങളുടെ സംസ്കാരവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുകയും മോർച്ചറിയിലെ സംഭരണ-ഫ്രീസർ സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യണമെന്ന് ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും ആവശ്യപ്പെടുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ മെഡിക്കൽ കോളജ് മോർച്ചറിയുടെ പ്രവർത്തനം തന്നെ കൂടുതൽ പ്രതിസന്ധിയിലാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *