കള്ളാടിയിലെ മണ്ണിടിച്ചില്‍ ബാധിത പ്രദേശം എം.പി പ്രിയങ്കഗാന്ധി വാദ്ര സന്ദര്‍ശിച്ചു. കള്ളാടി തുരങ്കപാത നിര്‍മാണ മേഖലയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍ വീക്ഷിച്ച എം.പി പ്രദേശവാസികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നിര്‍മാണ കരാറുകാരായ ദിലീപ് ബില്‍ഡ്‌കോണ്‍ അധികൃതര്‍ എന്നിവരുമായി ആശയവിനിമയം നടത്തി. മണ്ണിടിച്ചിലില്‍ വീട് നഷ്ടമായ കള്ളാടി പുളിക്കലകത്ത് അമ്മാറമ്പത്ത് അഷ്‌റഫും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബവും പ്രിയങ്കാഗാന്ധിയെ ദുരന്തസ്ഥലതെത്തി ആശങ്കയറിയിച്ചു. സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് എം.പി കുടുംബത്തിന് ഉറപ്പുനല്‍കി.

മണ്ണിടിച്ചില്‍ അപകടത്തില്‍ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും എം.പി പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. ആശുപത്രിയിലെ അഞ്ച്, ആറ് വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്ന മധ്യപ്രദേശ് സ്വദേശികളായ രജനീഷ്, സൂരജ് യാദവ് എന്നിവരുമായും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ദിലീപിന്റെ കുടുംബാംഗങ്ങളുമായും എം.പി സംസാരിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടര്‍മാരുമായും ആശുപത്രി അധികൃതരുമായും ചര്‍ച്ച നടത്തി.

റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍, കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ പൊലീസ് മേധാവി എസ് ദേവമനോഹര്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എം.പിയെ അനുഗമിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *