മുണ്ടക്കൈ ചുരൽമല ദുരന്തമുഖത്ത് കുടുംബശ്രീ നടത്തിയത് സമാനതകളില്ലാത്ത ഇടപെടലാണെന്ന് മന്ത്രി ടി. സിദ്ദിഖ്. അതിജീവിതരുടെ ഉപജീവന ആവശ്യങ്ങൾക്കായി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന മൈക്രോപ്ലാൻ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയിൽനിന്ന് അധികമായി അനുവദിച്ച സഹായധനത്തിന്റെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ടൗൺഷിപ്പിൽ കൃഷിയും കന്നുകാലി വളർത്തലുമെല്ലാം പ്രയാസമായതിനാൽ ദുരന്തബാധിതരുടെ അഭിപ്രായം മാനിച്ചാണ് സ്വയംതൊഴിൽ-സംരംഭ പ്രവർത്തനങ്ങൾക്ക് രണ്ടുലക്ഷം രൂപ സഹായധനം നൽകാൻ തീരുമാനിച്ചത്. കുടുംബശ്രീ ആ ദൗത്യത്തെ ഏറ്റെടുത്ത് കൃത്യമായ പരിശീലനം നൽകി അവരെ സംരംഭരാക്കുകയാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും കുടുംബശ്രീയുടെ പ്ലാൻഫണ്ടിൽനിന്നുമായി ആകെ 5.11 കോടി രൂപയാണ് ഉപജീവന പ്രവർത്തനങ്ങൾക്കായി നൽകാനായി തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ ഫേസ് 1, ഫേസ് 2, ഫേസ് 2 ബി എന്നീ മുൻഗണനാപ്പട്ടികയിൽനിന്നും 433 ഗുണഭോക്താക്കൾക്കാണ് പണം കൈമാറിയത്. കാറ്ററിങ്, ഓട്ടോ, പച്ചക്കറിക്കട, ബേക്കറി, ഹോംസ്റ്റേ തുടങ്ങി വിവിധ സംരംഭങ്ങൾക്കാണ് പണം വിനിയോഗിച്ചത്.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രികാ കൃഷ്ണൻ, കല്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, കളക്ടർ ഡി.ആർ. മേഘശ്രീ, കാലിക്കറ്റ് സർവകലാശാലാ മുൻ വി.സി. കെ.കെ. എൻ. കുറുപ്പ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ.പി. ജയചന്ദ്രൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ്റ് ഡയറക്ടർ പി.സി. മജീദ് തുടങ്ങിയർ പങ്കെടുത്തു.
