തലശ്ശേരി: കൈയിൽ കെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ അതിവിദഗ്ദ്ധമായി എം.ഡി.എം.എ ഒളിപ്പിച്ച് വിൽപനക്കായി എത്തിച്ച യുവാവ് പൊലീസ് പിടിയിലായി. മഞ്ഞോടി പൂവളപ്പ് തെരുവിലെ എസ്.എ ഹൗസിൽ എസ്. സജീറിനെയാണ് (32) തലശ്ശേരി എസ്.ഐ അശ്വിൻ റോയിയും സംഘവും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി 10.30ഓടെ തിരുവങ്ങാട് മഞ്ഞോടി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിക്ക് എതിർവശമുള്ള പാർക്കിങ് ഗ്രൗണ്ടിലാണ് സംഭവം.
പട്രോളിങ്ങ് നടത്തുന്നതിനിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തുകയുമായിരുന്നു. ഇയാൾ ധരിച്ചിരുന്ന ഹാർവി ബ്രാൻഡ് റിസ്റ്റ് വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ സിപ്പ് ലോക്ക് കവറിലാക്കി ഒളിപ്പിച്ച നിലയിൽ 1.45 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കൂടാതെ ഇയാളുടെ പക്കൽ നിന്ന് 3000 രൂപയും സ്മാർട്ട്ഫോണും കസ്റ്റഡിയിലെടുത്തു. ചാല ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപത്ത് വെച്ച് അജു എന്നു വിളിക്കുന്നയാളിൽ നിന്ന് 3000 രൂപ നൽകിയാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ സജീർ പൊലീസിനോട് വെളിപ്പെടുത്തി. പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
