തൃശൂര്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഒരേ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ താമസിക്കുന്ന രണ്ട് മലയാളി യുവതികളുടെ മരണം, കൊലപാതകമെന്ന് വിവരം ലഭിച്ചതായി ബന്ധുക്കള്‍. തൃശൂര്‍ സ്വദേശി അഞ്ജനയും തിരുവനന്തപുരം സ്വദേശി ആന്‍ മേരി മാത്യുവുമാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അനിലയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അഞ്ജനയുടെ ബന്ധുക്കളെ വിളിച്ചു.

ഇക്കഴിഞ്ഞ 28ന് ശനിയാഴ്ച ആണ് തൃശൂര്‍ മുടിക്കോടുള്ള അഞ്ജനയുടെ ബന്ധുക്കള്‍ക്ക് അവര്‍ മരിച്ചു എന്ന് വിവരം ലഭിക്കുന്നത്. വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങാന്‍ പറഞ്ഞ സുഹൃത്തും അയല്‍വാസിയുമായ കോട്ടയം സ്വദേശിനി അനില അമിത വേഗതയില്‍ ഓടിച്ചു വന്ന കാര്‍ ഇടിച്ച് അഞ്ജനയെ തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആന്‍ മേരി മാത്യുവിനെ താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഈ മുറിയില്‍ നിന്ന് തന്നെ കത്തിയും കണ്ടെടുത്തതായി അഞ്ജനയുടെ ബന്ധുക്കള്‍ പറയുന്നു

അഞ്ജനയും അനിലയും ആന്‍മേരി മാത്യുവും ഉറ്റ സുഹൃത്തുക്കളാണെന്നും ഇവര്‍ തമ്മില്‍ എന്താണ് പ്രശ്‌നം എന്ന് അറിയില്ലെന്നും ആണ് ബന്ധുക്കള്‍ പറയുന്നത് . മൃതദേഹങ്ങള്‍ ഇപ്പോഴും കലിഫോര്‍ണിയയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കോട്ടയം സ്വദേശിനിയായ അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. അന്വേഷണത്തിനുശേഷം മാത്രമേ എന്താണ് കൊലപാതക കാരണം എന്ന് മനസിലാകൂവെന്നാണ് കലിഫോര്‍ണിയ പൊലീസിന്റെ നിലപാട്. നാലുവര്‍ഷം മുന്‍പാണ് അവസാനമായി അഞ്ജന മുടിക്കോടുള്ള വീട്ടില്‍ വന്നു പോയത്. ഭര്‍ത്താവും ഏഴു വയസുള്ള ഒരു മകളും ആണ് ഇവര്‍ക്കുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *