മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 700 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 23,300ല്‍ താഴെയാണ് വ്യാപാരം തുടരുന്നത്. 16 സെക്ടറുകളില്‍ പതിനഞ്ചും നഷ്ടത്തിലാണ്.
എണ്ണവില കുതിച്ചുയരുന്നത് അടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 108 ഡോളറിലേക്ക് അടുക്കുകയാണ്. അമേരിക്ക- ഇറാന്‍ സംഘര്‍ഷവും യെമനിലെ ഇറാനെ പിന്തുണയ്ക്കുന്ന ഹൂതി വിമതര്‍ സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരത്ത് നിന്നുള്ള ചരക്ക് നീക്കങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നതും എണ്ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നായ ചൈനയുടെ എണ്ണ ആവശ്യകതയില്‍ അടുത്തകാലത്ത് ഉണ്ടായ വര്‍ധനയും വിലയെ സ്വാധീനിക്കുന്നുണ്ട്. ഇത് തുടരുകയാണെങ്കില്‍ എണ്ണവില ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വ്യാഴാഴ്ച 438 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും ഇടിവ് നേരിട്ടു. 27 പൈസയുടെ നഷ്ടത്തോടെ 95.79ലേക്കാണ് രൂപ താഴ്ന്നത്. ഉയര്‍ന്ന എണ്ണവില തന്നെയാണ് രൂപയ്ക്ക് വിനയായത്. വ്യാഴാഴ്ച 44 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. റിയല്‍റ്റി സെക്ടറാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ഐടിസി, ഭാരതി എയര്‍ടെല്‍, ഡോ. റെഡ്ഡീസ് ലാബ് ഓഹരികള്‍ നേട്ടം സ്വന്തമാക്കി.
