തിരുവനന്തപുരം: തുലാവർഷം എത്തുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിൽ തുലാവർഷമെത്തും. ബംഗാൾ ഉൽക്കടലിൽ ന്യൂന മർദത്തിനുള്ള സാധ്യത രൂപപ്പെട്ടതും മഴ കനക്കാൻ കാരണമായിട്ടുണ്ട്. ഇന്നും നാളെയും മറ്റന്നാളും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും, ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

വ്യാഴാഴ്ച അഞ്ച് ജില്ലകളിലും, വെള്ളിയാഴ്ച ആറ് ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

15/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി. 16/10/2026: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *