2026 ഒക്ടോബർ 14 ബുധൻ
ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ആക്കുളത്ത് പിആർഎസ് ലേക്ക് വില്ലേ ഫ്ലാറ്റിലേക്കുള്ള റോഡും സംരക്ഷണഭിത്തിയും 30 മീറ്റർ ഇടിഞ്ഞുതാണു. അപകടഭീഷണി ഒഴിവാക്കുന്നതിന്റെ ഭാഗമായി ഫ്ലാറ്റിലെ 120 താമസക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. റോഡിനോട് ചേർന്ന് സ്കൂൾ പുതിയ ബ്ലോക്കിന്റെ നിർമാണത്തിനായി മണ്ണ് നീക്കിയതാണ് ഭിത്തി ഇടിയാൻ കാരണമെന്ന് റസിഡന്റ്സ് അസോസിയേഷൻ ആരോപിച്ചു. തിരുവനന്തപുരം∙ ശക്തമായ മഴയിൽ ആക്കുളം ‘പിആർഎസ് ലേക്ക് വില്ലേ’ ഫ്ലാറ്റിലേക്കുള്ള റോഡ് സംരക്ഷണഭിത്തിക്കൊപ്പം 30 മീറ്റർ ഇടിഞ്ഞുതാണു.
പകടഭീഷണി ഒഴിവാക്കാൻ ഫ്ലാറ്റിലെ ഏകദേശം 120 താമസക്കാരെയും ഒഴിപ്പിക്കാൻ, അടിയന്തരയോഗത്തിനു ശേഷം കലക്ടർ കെ.എസ്.അഞ്ജു നിർദേശം നൽകി. ആക്കുളം കട്ടേലയിലെ ഗുഡ് ഷെപ്പേഡ് സ്കൂൾ വളപ്പിൽ പുതിയ ബ്ലോക്കിന്റെ നിർമാണത്തിനിടെയാണ് സംഭവം. ഫ്ലാറ്റിനു മുന്നിലാണ് സ്കൂൾ. ഫ്ലാറ്റിലേക്കുള്ള റോഡിനോടു ചേർന്നുള്ള അതിർത്തിഭാഗത്തെ സംരക്ഷണ ഭിത്തിയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെ ഇടിഞ്ഞത്. 12 നിലകളുള്ള ഫ്ലാറ്റിന്റെ അടിത്തറയിൽ നിന്ന് അഞ്ചര മീറ്റർ അകലെ മാത്രമാണ് മണ്ണിടിഞ്ഞ ഭാഗം. ഇതാണ് കടുത്ത ആശങ്കയ്ക്കിടയാക്കുന്നത്. 78 അപാർട്മെന്റുകളുള്ള ഫ്ലാറ്റിൽ 63 എണ്ണത്തിലാണ് ആൾത്താമസമുള്ളത്.
കലക്ടറുടെ നിർദേശപ്രകാരം 40 വീട്ടുകാർ ഒഴിഞ്ഞു. മറ്റുള്ളവർ ഉടൻ ഒഴിയും. സമീപത്തെ ഫ്ലാറ്റുകളിലാണ് ഇവരെ താൽക്കാലികമായി പാർപ്പിച്ചത്. ഫ്ലാറ്റിന് അപകട ഭീഷണിയില്ലെന്നും മുൻകരുതൽ എന്ന നിലയിലാണ് ഒഴിപ്പിച്ചതെന്നും കലക്ടർ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ സംരക്ഷണഭിത്തി നിർമിച്ച് റോഡ് സഞ്ചാരയോഗ്യമാക്കും. താൽക്കാലികമായി മാറ്റുന്നവരുടെ താമസച്ചെലവ് സ്കൂൾ മാനേജ്മെന്റ് വഹിക്കും. ഇക്കാര്യത്തിൽ സ്കൂൾ അധികൃതർ കലക്ടർക്ക് ഉറപ്പു നൽകി. ഫ്ലാറ്റിന്റെ മുന്നിലെ റോഡിനോടു ചേർന്നുള്ള അതിർത്തിഭാഗത്തെ മണ്ണ് നീക്കിയതാണ് സംരക്ഷണഭിത്തി ഇടിയാൻ കാരണമെന്ന് ‘പിആർഎസ് ലേക്ക് വില്ലേ’ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ.മനോജ് ആരോപിച്ചു.
അതേസമയം, നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് നിർമാണം നടത്തിയതെന്നും എത്രയുംവേഗം സംരക്ഷണഭിത്തി നിർമിക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. ഫ്ലാറ്റിന് അപകടഭീഷണിയില്ലെന്നും സ്കൂളിലെ നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നും പിആർഎസ് ബിൽഡേഴ്സ് എംഡി ആർ.മുരുഗൻ പറഞ്ഞു. അഗ്നിരക്ഷാസേന, റവന്യു, പൊലീസ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ, കോർപറേഷൻ അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി. മഴ കനത്താൽ മണ്ണ് ഇനിയും ഇടിയുമോയെന്ന ആശങ്കയിലാണ് താമസക്കാർ.
