കല്‍പ്പറ്റ: മീനങ്ങാടി സെന്‍റ് മേരീസ് സൂനോറോ പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും എട്ട് നോന്പ് ആചരണവും സുവിശേഷധാരയും സംഗീതവിരുന്നും ഒന്നു മുതല്‍ എട്ടുവരെ നടത്തും.
വികാരി ഫാ. എല്‍ദോസ് കാട്ടുകുടി, ട്രസ്റ്റി ജോർജ് പൊയ്കയില്‍, സെക്രട്ടറി സണ്ണി കാലാപ്പിള്ളിയില്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനർ ജിനീഷ് എലവത്തില്‍, റെജി വാധ്യാപ്പിള്ളില്‍ എന്നിവർ വാർത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. നാളെ രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷമാണ് കൊടിയേറ്റ്.
വിവിധ ദിവസങ്ങളില്‍ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ്, കോർ എപ്പിസ്കോപ്പമാർ, വൈദികർ എന്നിവർ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഒന്നു മുതല്‍ ആറു വരെ രാവിലെ 8.30ന് വിശുദ്ധ മൂന്നിൻമേല്‍ കുർബനയും 10ന് പാച്ചോർ നേർച്ചയും 10.30ന് ഗാനശുശ്രൂഷയും 11ന് വചന ശുശ്രൂഷയും ഉണ്ടാകും.
ഏഴിന് രാവിലെ എട്ടിന് വിശുദ്ധ മൂന്നിൻമേല്‍ കുർബാന. തുടർന്ന് പാച്ചോർ നേർച്ച, പ്രദക്ഷിണം, ഗാനശുശ്രൂഷ, വചനശുശ്രൂഷ. എട്ടിന് രാവിലെ 8.30ന് വിശുദ്ധ മൂന്നിൻമേല്‍ കുർബാന. 10ന് വിശുദ്ധ ദൈവമാതാവിന്‍റെ സൂനോറാ പേടകത്തില്‍നിന്നു പുറത്തെടുക്കല്‍.
11ന് പൊതുസമ്മേളനം ഐ.സി. ബാലകൃഷ്ണൻ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചാരിറ്റി വിതരണം അദ്ദേഹം നിർവഹിക്കും. പാഠ്യ, പാഠ്യേതര രംഗങ്ങളില്‍ മികവ് പുലർത്തുന്നവരെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. അസൈനാരും ഇടവകയില്‍ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും സ്കോളർഷിപ്പ് ജേതാക്കളെയും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഇ. വിനയനും ആദരിക്കും.
ഇന്നു രാവിലെ എട്ടിന് ദേവാലയത്തില്‍ രോഗികളുടെയും പ്രായമായവരുടെയും സ്നേഹസംഗമവും 9.30ന് ജില്ലാതല ചെസ് ടൂർണമെന്‍റും നടത്തും. ഒന്ന്, നാല്, അഞ്ച് തീയതികളില്‍ ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നാല് വരെ കൗണ്‍സലിംഗ് സൗകര്യം ഉണ്ടാകും. ആറിന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നാല് വരെ ഉണർവ് എന്ന പേരില്‍ വിദ്യാർഥി സംഗമവും ലഹരിവിരുദ്ധ ബോധവത്കരണവും നടത്തും.
