വെള്ളമുണ്ട: പോലീസ് ബാൻഡിന്റെ ഡ്രം ബീറ്റുകളുടെ താളത്തിൽ കുട്ടി പോലീസുകാർ ഒരേ മനസോടെ, ഒരേ ചുവടുകളുമായി പരേഡ് ഗ്രൗണ്ടിൽ വിസ്മയം തീർത്തപ്പോൾ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന കാണികളിൽ ആവേശവും അഭിമാനവും ആർത്തിരമ്പി. ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, എം.ടി.ഡി.എം.എച്ച്.എസ്.എസ് തൊണ്ടര്നാട്, ജി.എച്ച്.എസ്.എസ് തരുവണ, ജി.എച്ച്.എസ് പുളിഞ്ഞാല് എന്നീ സ്കൂളുകളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ 2024-2026 വര്ഷത്തെ സംയുക്ത പാസിങ് ഔട്ട് പരേഡാണ് ശ്രദ്ധേയമായത്. 16.10.3026 വെള്ളിയാഴ്ച്ച രാവിലെ ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ടയില് നടന്ന പരേഡില് ജില്ലാ അഡിഷണൽ എസ്.പിയും എസ്.പി.സി പ്രൊജക്ടിന്റെ ജില്ലാ നോഡല് ഓഫിസറുമായ എന്.ആര്. ജയരാജ് സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. തരുവണ സ്കൂളിലെ കെ പി മുഹമ്മദ് ഷിനാസ് പരേഡ് കമാണ്ടറും എസ് ആകർശ് നാഥ് സെക്കന്റ് ഇന് കമാണ്ടറുമായി പരേഡ് നയിച്ചു.
