കൽപ്പറ്റ: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കുടുംബശ്രീ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം.കുടുംബശ്രീ വയനാട് ജില്ലാ മിഷൻ ജെൻഡർ വികസന വിഭാഗവും കൽപ്പറ്റ നഗരസഭാ സി.ഡി.എസും സംയുക്തമായി ജി.പി.പി മാർക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയിലാണ് ലഹരി വിരുദ്ധ സന്ദേശം മുഖ്യവിഷയമായത്.പരിപാടിയിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ സെമിനാർ “മാതൃസ്പർശം; ലഹരിക്കെതിരെ സ്നേഹത്തിന്റെ പ്രതിരോധം”അവതരിപ്പിച്ച്അമ്മമാർക്കായി ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരിയുടെ കാണാപ്പുറങ്ങളെക്കുറിച്ചും പുതുതലമുറയെ ഇതിൽനിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, കുടുംബശ്രീ പ്രവർത്തകർക്ക് ഓരോ വീടുകളിലും സമൂഹത്തിലും ലഹരിക്കെതിരെ എങ്ങനെ ശക്തമായ കാവലാളാകാമെന്നും അദ്ദേഹം വിശദീകരിച്ചു.പരിശീലന പരിപാടി കൽപ്പറ്റ നഗരസഭാ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.സി.ഡി.എസ്. ചെയർപേഴ്സൺ സഫിയ അസീസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശശിധരൻ മാസ്റ്റർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി. വർഗ്ഗീസ്,ജെൻഡർ പ്രോഗ്രാം മാനേജർ ആശ പോൾ,നാടൻപാട്ട് കലാകാരൻ പി.ടി. മാത്യൂസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.നഗരസഭ മെമ്പർ സെക്രട്ടറി സി.എസ്.ബിജു സ്വാഗതവും സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ ബീന രതീഷ് നന്ദിയും രേഖപ്പെടുത്തി.
