2026 ഒക്ടോബർ 17 ശനി

പത്തനംതിട്ട: ശബരിമല തീർഥാടനകാലത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലെ വിവിധ വീഴ്ചകളും അതുമൂലം ഉണ്ടാകുന്ന വലിയ ആശങ്കകളും ചൂണ്ടിക്കാട്ടി ഭരണാനുകൂല സംഘടനയായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് മുഖ്യമന്ത്രിക്കും ദേവസ്വം വകുപ്പ് മന്ത്രിക്കും പരാതി നൽകി. ബോർഡിന്‍റെ നിലവിലെ പല തീരുമാനങ്ങളും ‘വിത്തെടുത്ത് കുത്തുന്നതിന്’ തുല്യമാണെന്നും, വരുമാന സ്രോതസുകൾ അടച്ചുകളയുന്ന ഇത്തരം നടപടികൾ സർക്കാരിന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ചില സ്ഥാപിത താത്പര്യക്കാരുടെ ആസൂത്രിത ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യൂണിയൻ വ്യക്തമാക്കുന്നു. കരാറുകാർ പമ്പയിൽ സാധനങ്ങൾ എത്തിച്ചാൽ മതിയെന്നും പരിശോധനയ്ക്ക് ശേഷം ബോർഡ് സ്വന്തം ചെലവിൽ സന്നിധാനത്ത് എത്തിക്കുമെന്നുള്ള ഈ വർഷത്തെ തീരുമാനം അരവണ നിർമ്മാണത്തിനാവശ്യമായ ശർക്കര ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളുടെയും നീക്കത്തെയും സംഭരണത്തെയും സാരമായി ബാധിക്കുമെന്ന് യൂണിയൻ ചൂണ്ടിക്കാണിക്കുന്നു.

ട്രാക്ടറുകളുടെ ലഭ്യതക്കുറവ്, അധികച്ചെലവ്, വാഹനങ്ങളുടെ കാത്തിരിപ്പ്, തൊഴിലാളികളുടെ കുറവ് എന്നിവ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. ഇതിനുപുറമേ, 2025ലെ ലേലങ്ങളിൽ നിന്നും 28ഓളം ഇനങ്ങൾ നിസാര കാരണങ്ങളുടെ പേരിൽ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. ഇതിലൂടെ മാത്രം ബോർഡിന് പത്ത് കോടി രൂപയ്ക്കുമേൽ നഷ്ടം ഉണ്ടാകും. ഉയർന്ന ലേലത്തുക ലഭിച്ചിരുന്ന ശൗചാലയ സമുച്ചയങ്ങൾ സൗജന്യമാക്കുന്നതിന്‍റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ വിലയിരുത്താതെ, വെർച്വൽ ക്യൂ ഫീസ് 10 രൂപയായി ഉയർത്താനുള്ള നീക്കം തീർഥാടകരുടെ മേൽ അധിക ബാധ്യത ഉണ്ടാക്കുമെന്ന് സംഘടന കുറ്റപ്പെടുത്തുന്നു. ടോയ്‌ലറ്റ് ലേലത്തിലൂടെ മാത്രം മൂന്നു കോടിയിലധികം വരുമാനം ലഭിക്കുമ്പോൾ, ഫീസ് വർദ്ധിപ്പിച്ചാൽ ഈ തുകയുടെ അടുത്ത് പോലും എത്തില്ല.

എരുമേലിയിലെ ലേലനടപടികളിലെ കാലതാമസവും പരിശോധിക്കപ്പെടേണ്ടതുണ്ട്. ആറു വർഷത്തോളം സർവീസ് ബാക്കിയുള്ള നിലവിലെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സമർപ്പിച്ച സ്വമേധയാ വിരമിക്കൽ അപേക്ഷയും പിന്നീട് അത് പിൻവലിച്ചതുമായ സാഹചര്യങ്ങളും ദുരൂഹമാണ്. ശബരിമലയിലെ മുന്നൊരുക്കങ്ങളിലെ അപകാതകൾ മുൻകൂട്ടി കണ്ടാണോ അദ്ദേഹം ഈ അപേക്ഷ നൽകിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സന്നിധാനത്തെ ജീവനക്കാരുടെ മെസ്സിലെ സൗകര്യക്കുറവ്, ഭക്ഷണത്തിന്റെ ഗുണനിലവാരം, ഡ്യൂട്ടി സ്ഥലങ്ങളിൽ നിന്നുള്ള ദൂരം എന്നിവ പരിഹരിച്ച് പൊലീസ് മാതൃകയിൽ പഴയ ദേവസ്വം മെസ് പുനഃസ്ഥാപിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ജീവനക്കാർക്ക് തുടർച്ചയായി 66 ദിവസം ജോലി നൽകുന്നതിന് പകരം ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തണമെന്നും, ഭണ്ഡാരം ജീവനക്കാരുടെ പരിശോധനയിൽ മാന്യതയും സുരക്ഷയും ഉറപ്പാക്കാൻ ആധുനിക സ്കാനർ സ്ഥാപിക്കണമെന്നുമുള്ള യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാന ഡ്യൂട്ടി കേന്ദ്രങ്ങളിലെ നിയമനങ്ങളിലും ഡ്യൂട്ടി ക്രമീകരണങ്ങളിലും രാഷ്ട്രീയ സ്വാധീനമോ പക്ഷപാതമോ ഉണ്ടെന്ന പരാതികൾ അന്വേഷണ വിധേയമാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. ഭക്തരുടെ സൗകര്യങ്ങൾക്കും ജീവനക്കാരുടെ ക്ഷേമത്തിനും ദേവസ്വം ബോർഡിന്‍റെ സാമ്പത്തിക താത്പര്യങ്ങൾക്കും മുൻഗണന നൽകുന്ന രീതിയിലായിരിക്കണം മുന്നൊരുക്കങ്ങൾ എന്ന് ടിഡിഇഎഫ്ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോഗത്തിൽ ഈ വിഷയങ്ങൾ ഉൾപ്പെടുത്തി സമയബന്ധിതമായ പരിഹാരനടപടികൾ സ്വീകരിക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *