2026 ഒക്ടോബർ 18 ഞായർ

ഡല്‍ഹിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരമാണെന്ന് നടന്‍ പ്രകാശ് രാജ്. രാജ്യം എല്ലാ മേഖലയിലും തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അതില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ശ്രമമാണ് യുവാക്കള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മീഡിയവണിന് നല്‍കിയ അഭിമുഖത്തിലാണ് പ്രകാശ് രാജ് നിലപാട് അറിയിച്ചത്.

യുവാക്കളുടെ ദേഷ്യമല്ല, മറിച്ച് നല്ലൊരു രാജ്യത്തിന് വേണ്ടിയുള്ള വേദനയാണ് ഡല്‍ഹിയില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളുടെ ശക്തി മോദിക്ക് അറിയാം. അതുകൊണ്ടാണ് അവരുടെ ശബ്ദം ഇല്ലാതാക്കാന്‍ ഭരണകൂടം ശ്രമിക്കുന്നതെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി. വെടിയുണ്ടകളും പെല്ലറ്റ് ഗണ്‍സും എകെ47 ഉള്‍പ്പെടെ ഉപയോഗിച്ച് യുവാക്കളെ അടിച്ചമര്‍ത്തുകയാണ്. എന്നാല്‍ എത്രത്തോളം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നോ അത്രത്തോളം യുവാക്കള്‍ രോഷാകുലരാകുമെന്ന കാര്യം ഭരണകൂടത്തിന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“തെറ്റ് ചെയ്തവരോട് ഭാവി തലമുറ ക്ഷമിച്ചെന്നിരിക്കും. എന്നാല്‍ തെറ്റിന് നേര്‍ക്ക് നിശബ്ദരായിരുന്നവരോട് അവര്‍ ഒരിക്കലും ക്ഷമിച്ചെന്നിരിക്കില്ല. അതുകൊണ്ട് ഈ മുന്നേറ്റം തുടര്‍ന്നുകൊണ്ടുപോകേണ്ടതുണ്ട്. വിജയിക്കുന്നത് വരെ പോരാടുക. സ്വാതന്ത്ര്യത്തിന് വേണ്ടി നാം എത്ര നാള്‍ പോരാടി. ജന്തര്‍ മന്തര്‍ പ്രതിഷേധം എല്ലാവരില്‍ നിന്നും ഭയം എടുത്തുമാറ്റി. ഇനി ഭരണാധികാരികളെ ചോദ്യം ചെയ്യാനുള്ള ഭയം ആരിലുമില്ല,” പ്രകാശ് രാജ് പറഞ്ഞു.

തന്റെ സാമൂഹിക ഇടപെടലുകളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു. കോളജ് കാലം മുതല്‍ താന്‍ സന്നദ്ധപ്രവര്‍ത്തകനായിരുന്നുവെന്നും ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സമയത്ത് അവരുടെ ദൗത്യം തന്നിലേക്ക് വന്നുചേരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ലോകത്തില്‍ ഭരണകൂടം ആരുടെയെങ്കിലും ശബ്ദം ഇല്ലാതാക്കുന്നുവോ, അതിനേക്കാള്‍ ശക്തമായ ശബ്ദം ഉയര്‍ന്നു കേള്‍ക്കപ്പെടും. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ താന്‍ ആ ശബ്ദമായി മാറിയെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *