നൂൽപ്പുഴ: ഗ്രാമപഞ്ചായത്തിലെ മുന്നൂറിലധികം വരുന്ന ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനുമായി പ്രത്യേക ഭിന്നശേഷി ഗ്രാമസഭകൾ വിളിച്ചുചേർക്കണമെന്ന് ഡിഫ്രന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (DAWF) നൂൽപ്പുഴ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. മൂലങ്കാവ് ടി. സി. ജോൺ സ്മാരക ലൈബ്രറി ഹാളിൽ ചേർന്ന കൺവെൻഷനിൽ പ്രമേയത്തിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്.
കൺവെൻഷൻ DAWF സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. വി. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. എൻ. ഇന്ദ്രൻ സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി കെ. പി. ജോർജ് ഭാവി പ്രവർത്തന പരിപാടികളും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് എം. വി. വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജാബിർ ഇ. എ. സ്വാഗതവും മെൽവിൻ ജോസഫ് നന്ദിയും പറഞ്ഞു.
കാടും വീടും വേർതിരിച്ച് വന്യമൃഗശല്യത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുക, ഭൂമിയും വീടുമില്ലാത്ത മുഴുവൻ ഭിന്നശേഷിക്കാർക്കും അവ അനുവദിക്കുക, കെ.എസ്.ആർ.ടി.സി. ബസുകളിൽ എല്ലാ ഭിന്നശേഷിക്കാർക്കും യാത്രാസൗകര്യം നൽകുക തുടങ്ങിയ പ്രമേയങ്ങളും യോഗത്തിൽ അംഗീകരിച്ചു.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: രാജൻ കെ.
സെക്രട്ടറി: ജാബിർ ഇ. എ.
വൈസ് പ്രസിഡന്റ്: അയ്യപ്പൻ ടി.
ജോയിന്റ് സെക്രട്ടറി: മെൽവിൻ ജോസഫ്
ട്രഷറർ: സക്കീന പി. എസ്.
